ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ ഓഹരി തകർച്ചക്ക് പിന്നാലെ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എൽഐസി) യുടെ ഓഹരി വില റെക്കോർഡ് താഴ്ചയിൽ. ദിനവ്യാപരത്തിനിടെ ഓഹരി വില എക്കാലത്തേയും താഴ്ന്ന നിലവാരമായ 566.05 രൂപയിലെത്തി. ജനുവരി 30 മുതലുളള കണക്കു പ്രകാരം എൽഐസിയുടെ അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപ മൂല്യത്തിൽ 20,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.
ജനുവരി 24 ന് ശേഷം ഇതുവരെ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യത്തിൽ 82 ശതമാനം വരെ ഇടിവ് നേരിട്ടു. തുടർച്ചയായ ഏഴാം ദിവസമാണ് ഓഹരി വില താഴുന്നത്. 2022 മെയ് 17 ന് ആണ് എൽഐസി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഇഷ്യുവിലയായ 949 രൂപയിൽ നിന്ന് 40 ശതമാനത്തോളം നഷ്ടത്തിലാണ് ഓഹരിയിൽ ഇപ്പോൾ വ്യാപാരം നടക്കുന്നത്.
അദാനി ഗ്രൂപ്പിന്റെ എല്ലാ കമ്പനികളുടെ ഓഹരികളിലും എല്‍ഐസിക്ക് നിക്ഷേപമുണ്ട്. അദാനി പോര്‍ട്‌സ്, അദാനി എന്റര്‍പ്രൈസസ്, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ കമ്പനികളിലാണ് എൽഐസിക്ക് കൂടുതല്‍ നിക്ഷേപം. ജനുവരി 24നു ശേഷം ഇതുവരെ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 82ശതമാനംവരെ ഇടിവ് നേരിട്ടിട്ടുണ്ട്.