മേഘാലയയിലും നാഗാലാന്‍ഡിലും 59 മണ്ഡലങ്ങളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ്

നാ​ഗാലാൻഡിൽ ഒരു മണ്ഡലത്തിൽ ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

മേ​ഘാലയയും നാ​ഗാലാൻഡും ഇന്ന് പോളിം​ഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. മേഘാലയയിൽ സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. നാ​ഗാലാൻഡിൽ ഒരു മണ്ഡലത്തിൽ ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും 59 മണ്ഡലങ്ങളിലേക്ക് ആണ് മത്സരം നടക്കുന്നത്.

60 മണ്ഡലങ്ങളാണ് ഇരു സംസ്ഥാനങ്ങളിലുമുളളത്. മേഘാലയയിൽ 21 ലക്ഷം വോട്ടർമാരാണുളളത്. എക്സിറ്റ് പോളുകൾ ഇന്ന് വൈകിട്ട് ഏഴ് മണി മുതൽ പ്രസിദ്ധീകരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരിക്കുന്നത്.

മേഘാലയയിൽ ഭരണ തുടർച്ചയാണ് നാഷണൽ പീപ്പിൾസ് പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്. സംസ്ഥാനത്ത് രണ്ടാം തവണയും സർക്കാർ രൂപീകരിക്കുമെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ പറഞ്ഞിരുന്നു. ജനങ്ങൾ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കോൺറാഡ് സാങ്മ പ്രതികരിച്ചിരുന്നു. മുന്നണി ഭരണം നിലനിൽക്കുന്ന ഇരു സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് ഭരണം പിടിക്കാനാണ് ബിജെപിയുടെ ശ്രമം.

നാ​ഗാലാൻഡിൽ കഴിഞ്ഞ ഒരു വർഷമായി പ്രതിപക്ഷമില്ലാതെയാണ് ബിജെപി സഖ്യകക്ഷിയായ മുന്നണി ഭരിക്കുന്നത്. നാ​ഗാ പീപ്പിൾസ് ഫ്രണ്ടിനെതിരെയാണ് ബിജെപി, എൻഡിപിപി എന്നീ പാർട്ടികളുടെ യോജിച്ചുള്ള പോരാട്ടം. ഇരു സംസ്ഥാനങ്ങളിലും കോൺ​ഗ്രസും തൃണമൂൽ കോൺ​ഗ്രസും മത്സരരം​ഗത്തുണ്ട്.

Exit mobile version