ന്യൂഡല്‍ഹി: മദ്യ നയ അഴിമതിക്കേസില്‍ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത കാരണം വ്യക്തമാക്കി സി.ബി.ഐ. ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് എട്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മനീഷ് സിസോദിയയെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. മനീഷ് സിസോദിയയുടെ ഉത്തരങ്ങള്‍ തൃപ്തികരമായിരുന്നില്ല എന്ന് സി.ബി.ഐ വ്യക്തമാക്കി.
അന്വേഷണത്തിനോട് മനീഷ് സിസോദിയ സഹകരിച്ചിരുന്നില്ലായെന്നും ഉദ്യോഗസ്ഥരുടെ പ്രധാന ചോദ്യങ്ങളോടും തെളിവുകളോടും വ്യക്തതയില്ലാത്ത രീതിയിലായിരുന്നു പ്രതികരണമെന്നും സി.ബി.ഐ വ്യക്തമാക്കി. 2021-22 വര്‍ഷത്തിലേക്കുള്ള എക്‌സൈസ് നയം രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും സ്വകാര്യ വ്യക്തികള്‍ക്ക് ടെന്‍ഡര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും മറ്റ് 14 പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് സി.ബി.ഐ പറഞ്ഞു.
മനീഷ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും സി.ബി.ഐ അറിയിച്ചു. എന്നാല്‍ തനിക്ക് എതിരെയുള്ള കേസ് കെട്ടിചമച്ചതാണെന്നാണ് മന്ത്രിയുടെ ആരോപണം. എട്ട് മാസം താന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നും തനിക്ക് അതില്‍ പ്രശ്‌നം ഇല്ലെന്നും മനീഷ് സിസോദിയ നേരത്തെ പറഞ്ഞിരുന്നു. ജയിലില്‍ പോകുന്ന ഡല്‍ഹിയിലെ രണ്ടാമത്തെ മന്ത്രിയാണ് മനീഷ് സിസോദിയ. മറ്റൊരു കേസില്‍ ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ നിലവില്‍ ജയില്‍ വാസത്തിലാണ്.
Discussion about this post