ന്യൂഡൽഹി: സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ സൂചന നൽകി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. കന്യാകുമാരിയിൽ നിന്നും ജമ്മുകശ്മിർ വരെ നീണ്ട ഭാരത് ജോഡോ യാത്ര പാർട്ടിയുടെ വളർച്ചയിൽ നിർണായക വഴിത്തിരിവായിരിക്കുമെന്നും കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ സോണിയ ഗാന്ധി പറഞ്ഞു.
എന്നെ ഏറ്റവും ആഹ്ലാദിപ്പിക്കുന്ന കാര്യം, ഭാരത് ജോഡോ യാത്രയോടെ എന്റെ ഇന്നിങ്‌സ് അവസാനിക്കുമെന്നതാണ്. ഭാരത് ജോഡോ യാത്ര വലിയൊരു വഴിത്തിരിവായിരുന്നു. ഇന്ത്യയിലെ ജനങ്ങൾ ഐക്യവും സഹിഷ്ണുതയും സമത്വവും ആഗ്രഹിക്കുന്നുണ്ടെന്ന് യാത്രയിലൂടെ തെളിഞ്ഞു. കോൺഗ്രസ് ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും അവർക്കുവേണ്ടി പോരാടാൻ തയ്യാറാണെന്നും ഇത് നമുക്ക് കാണിച്ചു തന്നു. യാത്രയ്ക്കായി കഠിനാധ്വാനം ചെയ്ത എല്ലാ പ്രവർത്തകരേയും അഭിനന്ദിക്കുന്നു. പ്രത്യേകിച്ച് രാഹുൽ ഗാന്ധിയെ. രാഹുലിന്റെ നിശ്ചയദാർഢ്യവും നേതൃത്വവുമാണ് യാത്രയുടെ വിജയത്തിൽ ഏറെ നിർണായകമായത്, സോണിയ പറഞ്ഞു. വലിയ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് രാജ്യവും പാർട്ടിയും പോകുന്നത്. ബിജെപി സർക്കാരും ആർഎസ്എസും ചേർന്ന് രാജ്യത്തെ സ്ഥാപനങ്ങൾ പിടിച്ചെടുത്ത് അട്ടിമറിക്കുകയാണ്. അവർക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ നിശ്ദരാക്കി.
രാജ്യത്ത് ഭയത്തിന്റെയും വിദ്വേഷത്തിന്റെയും തീ ആളിക്കത്തിച്ചുവെന്നും സോണിയ വിമർശിച്ചു. പാർട്ടി നിലവിൽ നേരിടുന്ന രാഷ്ട്രീയ വെല്ലുവിളി രാഷ്ട്രീയത്തിലെ തന്റെ തുടക്ക കാലത്തെ ഓർമിപ്പിക്കുന്നു. നിർണായക സമയത്ത് ഓരോരുത്തരും പാർട്ടിയോടും രാജ്യത്തോടുമുള്ള ഉത്തരവാദിത്വം നിർവഹിക്കണമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.
Discussion about this post