കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലില്‍ കാലുമാറി ശസത്രക്രിയ ചെയ്ത സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. ഓര്‍ത്തോ വിഭാഗം മേധാവി ഡോക്ടര്‍ ബഹിര്‍ഷാന് പിഴവ് ഉണ്ടായി എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അഡീഷണല്‍ ഡിഎംഒ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി.
ഇടത് കാലിന് പകരം വലത് കാലിന് സര്‍ജറി ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ പിഴവ് കണ്ടെത്തിയ സാഹചര്യത്തില്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. വിദഗ്ധസംഘം കൂടുതല്‍ പരിശോധനകള്‍ നടത്തും. തിങ്കളാഴ്ച ആശുപത്രി അധികൃതരെയടക്കം വിളിച്ചുവരുത്തി തെളിവെടുക്കും.
സംഭവത്തില്‍ ആശുപത്രി അധികൃതരും ഡോക്ടറും രോഗിയുടെ ബന്ധുക്കളുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ശസ്ത്രക്രിയയ്ക്കായി ഒരുങ്ങിയിരുന്നത് ഇടതുകാലിനായിരുന്നു എന്ന് സമ്മതിച്ച ഡോക്ടര്‍ കൂടുതല്‍ വിശദീകരണം ഒന്നും നല്‍കാനില്ല എന്ന് പറഞ്ഞ് കൈയൊഴിയുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്.