സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ നിന്നു വിട്ടുനിൽക്കുന്നതിനിടെ, വിവാദ ഇടനിലക്കാരൻ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി എൽ.ഡി.എഫ്. കൺവീനറും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവുമായി ഇ.പി.ജയരാജൻ. കൊച്ചിയിലെത്തിയ സമയത്ത് ഒരു ക്ഷേത്രത്തിലെ ചടങ്ങിനാണ് പോയതെന്ന് ഇ.പി.ജയരാജൻ മനോരമ ന്യൂസിനോടു പറഞ്ഞു. അവിടെവച്ച് ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെടുകയായിരുന്നു. അത് നന്ദകുമാറിന്റെ അമ്മയാണെന്ന് അറിയില്ലായിരുന്നുവെന്ന് പറഞ്ഞ ജയരാജൻ, ഈ വാർത്തകൾക്കു പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും വ്യക്തമാക്കി.
ജനകീയ പ്രതിരോധ ജാഥ ആരംഭിക്കുന്നതിന്റെ തലേന്നാണ് നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ഇ.പി. ജയരാജൻ പങ്കെടുത്തത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തായിരുന്നു. ജാഥയിൽനിന്ന് ഇ.പി. വിട്ടുനിൽക്കുന്നത് വിവാദമായിരിക്കെയാണ്, നന്ദകുമാർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട പുതിയ വിവാദം. ജയരാജനെയും ഒപ്പമുണ്ടായിരുന്ന കെ.വി.തോമസിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് നന്ദകുമാറിന്റെ വിശദീകരണം.
എൽഡിഎഫ് കൺവീനർ ജാഥയുടെ ഏതു സമയത്തും 18–ാം തീയതി വരെയും അല്ലെങ്കിൽ 18–ാം തീയതിയും പങ്കെടുക്കാൻ സാധ്യതയുള്ളതാണല്ലോ. അതുകൊണ്ട് നിങ്ങൾ അതിൽ വിഷമിക്കേണ്ട. ഇപ്പോൾ ജാഥാംഗങ്ങളല്ലേ ഇതിൽ പങ്കെടുക്കുന്നുള്ളൂ. സ്വീകരണ പരിപാടിയിലല്ലേ പങ്കെടുക്കേണ്ടത്. ഇതിന്റെ ഉദ്ഘാടന പരിപാടിക്ക് ഞാൻ തന്നെ ക്ഷണിച്ചതാണ്. പക്ഷേ, മുഖ്യമന്ത്രി ഉണ്ടല്ലോ പിന്നെ ഞാനെന്തിനാണ് വരുന്നത് എന്ന രീതിയിലാണ് അന്ന് സംസാരിച്ചത്. ഇക്കാര്യം എന്നോടു തന്നെ നേരിട്ടു പറഞ്ഞതാണ് എന്ന് എം.വി.ഗോവിന്ദൻ വിശദീകരിച്ചു.