ഹോസ്റ്റൽ മുറികൾ പുറത്തുനിന്ന് പൂട്ടുന്നതായി പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല; ഹോസ്റ്റർ വിദ്യാർത്ഥികൾ സമരത്തിൽ

മൂന്നാർ എഞ്ചിനീറിങ് കോളേജിലെ വിദ്യാർഥികൾ സമരത്തിലാണ്. തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ഹോസ്റ്റൽ അധികൃതർ നിഷേധിക്കുന്നതിലും മുറിയുടെ വാതിൽ പുറത്തു നിന്ന് പൂട്ടുന്നു എന്നും പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഇത്തരത്തിലുള്ള സമരത്തിലേക്ക് കാര്യങ്ങൾ വഴി തെളിച്ചത്. പെയിന്‍റ് എപ്പോഴും അടർന്ന് വീഴുന്ന പൂപ്പൽ നിറഞ്ഞ മുറികളിലാണ് തങ്ങൾ താമസിക്കുന്നതെന്നും മിക്ക ടോയ്ലറ്റുകളും തകർന്ന നിലയിലാണെന്നുമാണ് വിദ്യാർത്ഥികൾ പരാതിപ്പെടുന്നത്. എന്നാൽ അതൊന്നും ഹോസ്റ്റൽ അധികൃതർ ചെവികൊണ്ടില്ലെന്നുള്ളതാണ് വാസ്തവം.

ശുചിമുറികളിലെ ഇളകിപ്പോയ കൊളുത്തുകൾ ശരിയാക്കാൻ പോലും അധികൃതർ തയ്യാറാകുന്നില്ല. ഇലക്ട്രിക്കൽ വയറിങുകൾ അപകടകരമായ അവസ്ഥയിലാണ്. അറ്റകുറ്റപ്പണികൾക്ക് ഫണ്ട് ലഭ്യമല്ലെന്നാണ് അവരുടെ ന്യായീകരണം.

വനിതാ ഹോസ്റ്റൽ രാത്രിയിൽ പുറത്തുനിന്ന് പൂട്ടുന്നത് കൊണ്ട് തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ പുറത്തിറങ്ങാൻ കഴിയില്ലെന്ന ആശങ്കയും ഇവർക്കുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലുകളിൽ തുല്യ അവകാശം നൽകണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇവിടെ പെൺകുട്ടികളെ ഹോസ്റ്റലുകളിൽ പൂട്ടിയിടുകയാണ്. ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോൾ അധികൃതർ അധിക്ഷേപിക്കുന്ന രീതിയിലാണ് സംസാരിച്ചതെന്നും കുട്ടികൾ പറഞ്ഞു.

Exit mobile version