എയര്‍ ഇന്ത്യയുടെ അടിയന്തര ലാന്‍ഡിങ് വിജയം, യാത്രക്കാര്‍ സുരക്ഷിതര്‍

വിമാനത്തിൽ പക്ഷി ഇടിച്ചതുമായി ബന്ധപ്പെട്ട തകരാറിനെ തുടർന്നാണ് ലാന്‍ഡ് ചെയ്തത് എന്നാണ് ആദ്യം പുറത്തു വന്ന വിവരം

തിരുവന്തപുരം: കോഴിക്കോട് നിന്ന് ദമ്മാമിലേക്ക്‌ പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തരമായി ലാന്‍ഡ് ചെയ്തു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ എക്‌സ് 385 എന്ന വിമാനമാണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.

വിമാനത്തിൽ പക്ഷി ഇടിച്ചതുമായി ബന്ധപ്പെട്ട തകരാറിനെ തുടർന്നാണ് ലാന്‍ഡ് ചെയ്തത് എന്നാണ് ആദ്യം പുറത്തുവന്ന വിവരം. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം കോവളം ഭാഗത്ത് ആകാശത്ത് വട്ടമിട്ട് പറന്ന്‌ ഇന്ധനം കടലിലൊഴുക്കിക്കളഞ്ഞാണ് വിമാനം ലാന്‍ഡിങ്ങിന് തയ്യാറെടുത്തത്.

12.15 ഓടെയാണ് വിമാനം നിലത്തിറക്കിയത്. നേരത്തെ വിമാനത്താവളത്തിൽ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്, മറ്റു വിമാനങ്ങളുടെ ടേക്ക് ഓഫും ലാൻഡിങും നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്.

വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ സംശയിക്കുന്നതിനെ തുടര്‍ന്നാണ് വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിക്കുന്നത്. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ ഉരസിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാറുണ്ടെന്ന സംശയം ഉടലെടുത്തത്. വിമാനത്തില്‍ 183 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

Exit mobile version