തൊടുപുഴ: വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഷാജഹാനും നിയമ വിദ്യാർഥിയായ പെൺകുട്ടിയും മുമ്പ് സൗഹൃദത്തിലായിരുന്നു. ഇരുവരുടെയും വിവാഹവും ഉറപ്പിച്ചിരുന്നു. യുവാവിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പം വന്നതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇതിനിടെ വീണ്ടും വിവാഹാലോചനയുമായി ഷാജഹാൻ എത്തി. ഇത് നിഷേധിച്ചതോടെയാണ് കൊല്ലാൻ ശ്രമിച്ചത്.
നാലാം വർഷ നിയമ വിദ്യാർത്ഥിയാണ് പെൺകുട്ടി. കഴിഞ്ഞ ദിവസം തോപ്പുംപടിയിലെ ഒരു വിവാഹ ചടങ്ങിൽ വച്ച് ഇരുവരും തമ്മിൽ കണ്ടുമുട്ടിയിരുന്നു. അവിടെ വച്ച്, താൻ വീണ്ടും വിവാഹാഭ്യർത്ഥനയുമായി വരുമെന്ന് ഷാജഹാൻ പെൺകുട്ടിയെ അറിയിച്ചു. എന്നാൽ പെൺകുട്ടി ഇത് നിഷേധിച്ചു. തുടർന്ന് തൊടുപുഴയിലെത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. സ്വകാര്യ ദൃശ്യങ്ങൾ കൈയ്യിലുണ്ടെന്നും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് രാത്രി ഇരുവരും തമ്മിൽ നേരിട്ട് കണ്ട് സംസാരിച്ചു. വിവാഹാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതോടെ മറ്റാരോ ആയി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ഇവർ പൊലീസിൽ പരാതി നൽകി. പ്രതിയെ ഇന്ന് തൃപ്പൂണിത്തുറയിൽ വച്ച് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.