അധികാര തർക്കം; പനീർസെൽവത്തിന് തിരിച്ചടി, ഹർജി തള്ളി സുപ്രീം കോടതി

പാര്‍ട്ടി നിയമാവലിയില്‍ ജനറല്‍ കൗണ്‍സില്‍ വരുത്തിയ ഭേദഗതിയിലൂടെയാണ് എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റത്

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഓ പനീര്‍സെല്‍വത്തിന് കനത്ത തിരിച്ചടി. എ ഐ എഡി എം കെയുടെ അധികാര തര്‍ക്കത്തിലാണ് പനീര്‍സെല്‍വത്തിന് തിരിച്ചടി നേരിട്ടത്. എഐഎഡിഎംകെ യുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിക്ക് തുടരാമെന്ന് സുപ്രീംകോടതി അറിയിച്ചു.

എടപ്പാടി പളനി സ്വാമിയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തുടരാന്‍ അനുവദിച്ച് കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരായി സുപ്രീം കോടതിയില്‍ പനീര്‍സെല്‍വം പക്ഷം ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

പാര്‍ട്ടി നിയമാവലിയില്‍ ജനറല്‍ കൗണ്‍സില്‍ വരുത്തിയ ഭേദഗതിയിലൂടെയാണ് എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റത്. പനീര്‍സെല്‍വം വഹിച്ചിരുന്ന പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനം ഭേദഗതിയിലൂടെ ഇല്ലാതാക്കിയിരുന്നു. ജൂലൈ പതിനൊന്നിനാണ് പളനിസ്വാമിയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. ഇതിന് മുന്‍പുള്ള തല്‍സ്ഥിതി തുടരണം എന്നായിരുന്നു പനീര്‍ശെല്‍വം പക്ഷം ആവശ്യപ്പെട്ടിരുന്നത്.

Exit mobile version