വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട പവന്‍ഖേര അറസ്റ്റില്‍; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ഇന്‍ഡിഗോ 6E204 വിമാനത്തില്‍ ചെക്കിങ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇറക്കിവിട്ടത്. പിന്നാലെ വിമാനത്താവളത്തിലെ റണ്‍വേയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഇന്‍ഡിഗോ 6E204 വിമാനത്തില്‍ ചെക്കിങ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇറക്കിവിട്ടത്. പിന്നാലെ വിമാനത്താവളത്തിലെ റണ്‍വേയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. ഡല്‍ഹിയില്‍ നിന്ന് ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പുരിലേക്ക് പോകുന്ന വിമാനത്തില്‍ നിന്നാണ് ഇറക്കിവിട്ടത്. റായ്പുരിലേക്കുള്ള യാത്രയില്‍ പവന്‍ ഖേരയെ വിമാനത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് നിര്‍ദേശമുണ്ടായിരുന്നെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു.

വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതിന് പിന്നാലെ പവന്‍ ഖേരയെ പോലീസ് അറസ്റ്റ് ചെയ്തു. പവന്‍ ഖേരയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിന്റെ പേരിലാണ് റായ്പുരിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് പവന്‍ ഖേരയെ ഇറക്കിവിട്ടത്. ഇതോടെ വിമാനത്തില്‍ സഹയാത്രികരായിരുന്ന കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, സുപ്രിയ ശ്രീനാഥെ, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പുറത്തിറങ്ങി. തുടര്‍ന്ന് വിമാനത്താവളത്തിലെ റണ്‍വേയില്‍ ബി.ജെ.പി.ക്കെതിരെ പ്രതിഷേധിച്ചു.

വിവാദ പ്രസ്താവന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പവന്‍ ഖേരയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരേന്ദ്ര ഗൗതം ദാസ് മോദി എന്ന് വിശേഷിപ്പിച്ചിരുന്നു. ഗൗതം അദാനി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ഇത്. പരാമര്‍ശം വലിയ വിവാദമാവുകയും പവന്‍ ഖേരയ്‌ക്കെതിരേ കേസെടുക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് വിമാനത്തില്‍നിന്ന് ഇറക്കിവിട്ടത്. കോണ്‍ഗ്രസിന്റെ 85-ാമത് പ്ലീനറി സെഷനില്‍ പങ്കെടുക്കാനായി നേതാക്കള്‍ റായ്പുരിലേക്ക് പോകുന്നതിനിടെയാണ് ഇറക്കിവിട്ടത്.

Exit mobile version