തിരുവനന്തപുരം: ചിന്താ ജെറോമിന്റെ ശമ്പളകുടിശ്ശിക വിവാദം അടങ്ങുന്നതിന് മുൻപേ സർക്കാരിനോട് വീണ്ടും പണം ആവശ്യപ്പെട്ട് സംസ്ഥാന യുവജന കമ്മീഷൻ. ജീവനക്കാരുടെയും അംഗങ്ങളുടെയും ശമ്പളം, ഓണറേറിയം, ആര്‍ജിതാവധി സറണ്ടര്‍, പ്രൊവിഡന്റ് ഫണ്ട് ലോണ്‍, യാത്രാബത്ത എന്നിവ നല്‍കാനാണ് പണം ആവശ്യപ്പെട്ടത്. 26 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും 18 ലക്ഷമാണ് സര്‍ക്കാര്‍ അനുവദിച്ചത്.
യുവജന കമ്മിഷന് ശമ്പള വിഹിതമായി ബജറ്റില്‍ വകയിരുത്തിയ 76.06 ലക്ഷം പൂര്‍ണമായി ചെലവഴിച്ചുവെന്ന് കമ്മീഷൻ സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒമ്പത് ലക്ഷം കൂടി വീണ്ടും അനുവദിച്ചു. എന്നാല്‍ ഇതില്‍ 8,45,000 രൂപ ഡിസംബര്‍ മാസത്തിലെ ജീവനക്കാരുടെ ശമ്പളത്തിനും ഓണറേറിയത്തിനും ചെലവായതായും ശേഷിക്കുന്ന തുക തികയില്ലെന്നുമാണ് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചിരുന്നത്. ചെലവുകള്‍ക്ക് വേണ്ടി 26 ലക്ഷം കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ 18 ലക്ഷം മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്.
അധ്യക്ഷയുടെ ശമ്പള കുടിശ്ശിക അടക്കമുള്ള തുകയാണ് യുവജന കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ശമ്പള കുടിശ്ശികയായ 8.50 ലക്ഷം രൂപ ഇതുവരെ നല്‍കിയിട്ടില്ല. എന്നാല്‍ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരുന്നതാണ്. കുടിശ്ശിക ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനായിരുന്നു യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം കത്ത് നല്‍കിയത്. 2022 ഓഗസ്റ്റ് 22ന് ഈ കത്ത് എം. ശിവശങ്കര്‍ തുടര്‍ നടപടികൾക്കായി അയച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
Discussion about this post