മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ്

തട്ടിപ്പ് പണത്തിന്റെ പങ്കു വയ്ക്കല്‍ രീതി എങ്ങനെയെന്ന് കണ്ടെത്തേണ്ടതായുണ്ട്, സഹായ വിതരണത്തിനുള്ള മാര്‍ഗ നിര്‍ദേശം സര്‍ക്കാരിന് നല്‍കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ് നടക്കുന്നുവെന്ന് വിജിലന്‍സ് മേധാവി എ ഡി ജി പി മനോജ് എബ്രഹാം. അതോടൊപ്പം എല്ലാ ജില്ലകളിലും ക്രമക്കേട് കണ്ടെത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്‍പ്പെടെ വിവിധ പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സര്‍ക്കാരില്‍ നിന്ന് തന്നെ പരാതി ലഭിച്ചു. ഇന്നും നാളെയും പരിശോധന തുടരുമെന്നും മനോജ് എബ്രഹാം പറഞ്ഞു.

തിരുവനന്തപുരത്ത് ഒരു മൊബൈല്‍ നമ്പറില്‍ നല്‍കിയ 16 അപേക്ഷകളിലും ഫണ്ട് അനുവദിച്ചു. കൊല്ലം പുനലൂരില്‍ ഒരു ഡോക്ടര്‍ നല്‍കിയത് 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണ്. കലക്ടറേറ്റിലെ ഉദ്യോഗസ്ഥരുംഏജന്റുമാരും തമ്മിലുള്ള ഇടപാടുകളാണ് ഇതിന് പിന്നിലെന്നാണ് വിവരം.ഒരു ജില്ലയില്‍ ഏകദേശം 300 അപേക്ഷകള്‍ പരിശോധിക്കുന്നുണ്ട്.

തട്ടിപ്പ് പണത്തിന്റെ പങ്കു വയ്ക്കല്‍ രീതി എങ്ങനെയെന്ന് കണ്ടെത്തേണ്ടതായുണ്ട്. സഹായ വിതരണത്തിനുള്ള മാര്‍ഗ നിര്‍ദേശം സര്‍ക്കാരിന് നല്‍കും. വില്ലേജ് ഓഫീസ്, ഗുണഭോക്താക്കകളുടെ വീട് എന്നിവിടങ്ങളിലും പരിശോധന ഉണ്ടാകുമെന്നും മനോജ് എബ്രഹാം പറഞ്ഞു.പരാതിയുടെ അടിസ്ഥാനത്തില്‍ കലക്ടറേറ്റുകളില്‍ വിജിലന്‍സിന്റെ പരിശോധന കഴിഞ്ഞ ദിവസം മുതല്‍ തുടങ്ങി.

സംസ്ഥാനത്തെ 14 കലക്ടറേറ്റുകളിലാണ് ഓപ്പറേഷന്‍ സിഎംഡിആര്‍എഫ് എന്ന പേരില്‍ പരിശോധന നടത്തുന്നത്. വ്യാജ രേഖകള്‍ ചമച്ച് സഹായം തട്ടിയെടുക്കുന്നു, ഏജന്റുമാര്‍ കമ്മിഷന്‍ തട്ടിയെടുക്കുന്നു എന്നിവയാണ് പ്രധാനമായും വന്നിരിക്കുന്ന പരാതികള്‍. രോഗമില്ലാത്തവരെക്കൊണ്ടും അപേക്ഷകള്‍ കൊടുത്ത് പണം തട്ടിയതിനു പിന്നില്‍ ഏജന്റുമാരുടെ ഒത്തുകളിയാണെന്ന് പരിശോധനയില്‍ കണ്ടെത്തി.

Exit mobile version