ദുബായ് ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട് സാനിയ മിർസയും യുഎസിന്റെ മാസിസൺ കീസും പുറത്ത് വന്നപ്പോൾ അവസാനിച്ചത് ഒരു യുദ്ധകാലഘട്ടമാണ്. വനിതാ ഡബിൾസിൽ സാനിയ-കീസ് സഖ്യം റഷ്യയുടെ വെറോണിക്ക കുഡെർമെറ്റോവ– ല്യുഡ്മില സാംസോനോവ സഖ്യത്തോടാണ് പരാജയപ്പെട്ടത്. ഇതോടെ സാനിയ തന്റെ 20 വർഷത്തെ ടെന്നീസ് കരിയറിന് വിരാമമിടുകയാണ്. അവസാന അങ്കത്തിൽ സാനിയയെ ദൈവം തുണച്ചില്ലെങ്കിലും ഭാരതത്തിന്റെ മണ്ണിൽ എന്നും അവരൊരു പോരാളിയായിരിക്കും.
അവസാനം പരാജയം കൊണ്ടും ജീവിതം വിജയം ആക്കി തീർക്കാമെന്ന് ലോക ജനതയോട് വിളിച്ചുപറഞ്ഞ സാനിയ എന്ന പ്രതിഭയ്ക്ക് ഒരായിരം നന്ദി. ഭാരതത്തിന്റെ പെരുമ ലോകത്തെങ്ങും ഉയർത്തി പിടിച്ചതിന്, മുസ്ലിം സമുദായത്തിൽ ജനിച്ചതുകൊണ്ട് മാത്രം തന്റെ കഴിവുകൾ മൂടി വയ്ക്കാത്തതിന്, വസ്ത്രധാരണത്തിന്റ പേരിൽ ഒരു സമൂഹം മുഴുവൻ തള്ളി പറഞ്ഞിട്ടും സ്വന്തം നിലപാടിൽ ഉറച്ചു നിന്നതിന്, രാജ്യങ്ങളുടെ അതിർവരമ്പുകൾ ലങ്കിച് പ്രണയത്തെ അനശ്വരമാക്കിയയതിന്, ലക്ഷകണക്കിന് ഇന്ത്യൻ പെൺകുട്ടികൾക്ക് പ്രജോതനമായതിന്, തന്റെ എതിർ അഭിപ്രായങ്ങൾ കത്തുകളാക്കി പ്രകടിപ്പിച്ചതിന്… ഇതിനെല്ലാം നന്ദി പറഞ്ഞാൽ ഒരു ജനതയുടെ കൃതജ്ഞത കേവലം ഒരു വാക്കിനുള്ളിൽ പെട്ട് പോയേക്കാം.
ദുബായ് ഓപ്പൺ കളിച്ച ശേഷം ടെന്നീസിൽ നിന്ന് വിരമിക്കുമെന്ന് സാനിയ മിർസ നേരത്തെ പ്രഖ്യാപിച്ചിരുന്നു. റഷ്യൻ സഖ്യത്തിനെതിരായ ഇന്ത്യ-യുഎസ് സഖ്യത്തിന്റെ പോരാട്ടം ഒരു മണിക്കൂർ മാത്രമാണ് നീണ്ടുനിന്നത്. ആദ്യ സെറ്റിൽ 4-4ന് ഒപ്പമെത്തിയ റഷ്യൻ ജോഡി പിന്നീട് 6-4ന് മുന്നിലെത്തി. എന്നാൽ രണ്ടാം സെറ്റ് ഏകപക്ഷീയമായി റഷ്യൻ വനിതാ താരങ്ങൾ സ്വന്തമാക്കി. 25 കാരിയായ വെറോണിക്ക സിംഗിൾസിൽ ലോക 11-ാം നമ്പറും ഡബിൾസിൽ അഞ്ചാം നമ്പറുമാണ്. ഡബിൾസിൽ ലോക പതിമൂന്നാം നമ്പർ താരമാണ് ല്യുഡ്മില.