പ്രതി ചേർക്കാൻ തെളിവ് ലഭിച്ചിട്ടില്ല; വിശ്വനാഥന്‍റെ മരണത്തിൽ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ച് പോലീസ്

മോഷണക്കുറ്റം ആരോപിച്ച് ചിലർ ചോദ്യം ചെയ്യുകയും സഞ്ചി പരിശോധിക്കുകയും ചെയ്തുവെന്നും സമൂഹത്തിന് മുൻപിൽ അപമാനിതനായെന്നും തുടർന്ന് അപമാനഭാരം താങ്ങാൻ വയ്യാതെ ആത്മഹത്യ ചെയ്തതാണെന്നും മനുഷ്യാവകാശ കമ്മിഷന് നൽകിയ റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കുന്നു

ആദിവാസി യുവാവ് വിശ്വനാഥൻ ആത്മഹത്യ ചെയ്തത് അപമാനഭാരത്താലെന്ന് പോലീസ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മോഷണക്കുറ്റം ആരോപിച്ച് ചിലർ ചോദ്യം ചെയ്യുകയും സഞ്ചി പരിശോധിക്കുകയും ചെയ്തുവെന്നും സമൂഹത്തിന് മുൻപിൽ അപമാനിതനായെന്നും തുടർന്ന് അപമാനഭാരം താങ്ങാൻ വയ്യാതെ ആത്മഹത്യ ചെയ്തതാണെന്നും മനുഷ്യാവകാശ കമ്മിഷന് നൽകിയ റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കുന്നു. വനവാസിയായ കാരണത്താൽ വിശ്വനാഥനെ മോഷ്ടാവെന്ന് ചിലർ സംശയിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം വിശ്വനാഥന്റെ മരണത്തിൽ നൂറു പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയെങ്കിലും പ്രതികളെ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഫെബ്രുവരി 9-ന് കൽപ്പറ്റ വെള്ളാരംകുന്ന് അഡ്‌ലോഡ് പാറവയൽ കോളനിയിലെ വിശ്വനാഥൻ, ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളേജിലെത്തിയപ്പോൾ മോഷണക്കുറ്റം ആരോപിച്ച് ഒരു കൂട്ടം ആളുകൾ മർദ്ദിക്കുകയായിരുന്നു. പിന്നാലെ വിശ്വനാഥനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വിശ്വനാഥന്റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഫെബ്രുവരി 10-ന് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ വിശ്വനാഥനെ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജിന്റെ പരാതിയെ തുടർന്ന് ദേശീയ പട്ടികജാതി കമ്മീഷൻ ഇടപെടുകയും ജില്ലാ കളക്ടറോടും സിറ്റി പോലീസ് കമ്മീഷണറോടും വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. വിഷയത്തിൽ ബിജെപി പ്രതിഷേധവുമായി രംഗത്തുവന്നു. മധുവിന് സമാനമായ അനുഭവമാണ് വിശ്വനാഥനും സംഭവിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ആത്മഹത്യയായല്ല കൊലപാതകമായാണ് വിശ്വനാഥന്റെ മരണത്തെ കണക്കാക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ വിശ്വനാഥന്റെ മരണത്തിൽ ഇതുവരെ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല.

Exit mobile version