കൊച്ചി: ക്ഷേത്ര ഭരണസമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണസമിതിയില്‍ സി.പി.എം. പ്രാദേശികനേതാക്കളെ അംഗങ്ങളായി തിരഞ്ഞെടുത്തതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും വിധി ബാധകമാകുമെന്ന് കോടതി വ്യക്തമാക്കി.
പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണസമിതിയിലേക്ക് സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രാദേശികനേതാക്കളായ അശോക് കുമാര്‍, രതീഷ്, പങ്കജാഷന്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തി. അനന്തനാരായണന്‍, പി.എന്‍. ശ്രീരാമന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന വിധി.
ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ട്രീയത്തിലുള്ളവരെ നിയമിക്കരുതെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഡി.വൈ.എഫ്.ഐ. രാഷ്ട്രീയ സംഘടനയല്ലെന്ന വാദവും കോടതി തള്ളി.