തിരുവനന്തപുരം: കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തോക്കുമായി യുവാവിന്റെ പ്രതിഷേധം. തിരുവനന്തപുരം വെങ്ങാനൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് യുവാവ് പ്രതിഷേധം നടത്തിയത്.
രാവിലെ 11 മണിയോടെയാണ് സംഭവം. കനാൽ വെള്ളം തുറന്ന് വിടാൻ കഴിയാത്ത പഞ്ചായത്ത് അടച്ചു പൂട്ടുക എന്ന പ്ലക്കാഡ് കയ്യിലേന്തിയാണ് യുവാവ് എത്തിയത്. സമീപത്തെ കല്ലിയൂർ പഞ്ചായത്ത് വരെ കനാൽ വെള്ളം എത്തുന്നുണ്ട്. എന്നാൽ രണ്ടു വർഷമായി വെങ്ങാനൂർ പഞ്ചായത്തിൽ ഇത് ലഭിക്കുന്നില്ല. പല തവണ പരാതി നൽകിയെങ്കിലും ഫലം കണ്ടില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കനാൽ വെള്ളം രണ്ടുവർഷമായി ലഭിക്കാത്തതിനാൽ കർഷകർ ഉൾപ്പടെ ബുദ്ധിമുട്ടിലാണെന്നും മുരുകൻ പറയുന്നു. ഓഫീസിന്റെ പ്രധാന ഗേറ്റ് പൂട്ടി താക്കോൽ കൈയിൽ വെക്കുകയും ചെയ്തു. ഗേറ്റിന് മുന്നിൽ ബഹളം വെക്കുന്നതിനിടെ പാന്റിന്റെ പോക്കറ്റിൽ കരുതിയ തോക്ക് ഇടയ്ക്ക് ഇടയ്ക്ക് എടുത്തതോടെ അവിടെയെത്തിയ നാട്ടുകാരും പരിഭ്രാന്തരായി.
അമരവിള സ്വദേശി മുരുകൻ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. പഞ്ചായത്ത് ഉദ്യോഗസ്ഥർ വിവരം ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. കോളിയൂരിൽ ഷോപ്പ് നടത്തുന്ന വ്യക്തിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കുടിവെള്ളം കിട്ടാഞ്ഞിട്ട് സഹികെട്ടാണ് ഇത്തരം പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.
Discussion about this post