മദ്യം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സുഹൃത്തുക്കള്‍ പിടിയില്‍

അബോധാവസ്ഥയിലായ പെണ്‍കുട്ടി രാവിലെ ബോധം വന്നശേഷം സുഹൃത്തിനെ വിളിച്ചു വരുത്തിയാണ് സ്ഥലത്ത് നിന്നു രക്ഷപ്പെട്ടത്. മാനസിക അസ്വാസ്ഥ്യം കണ്ടതിനെ തുടര്‍ന്ന് പഠിക്കുന്ന സ്ഥാപനത്തിലെ അധികൃതര്‍ കൗണ്‍സലിങ് നടത്തിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്

കോഴിക്കോട്: നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടു പേര്‍ അറസ്റ്റിൽ. എറണാകുളം സ്വദേശിനിയായ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കളായ രണ്ടു പേരെയാണ് കോഴിക്കോട്ടെ ഒളിയിടത്തില്‍ നിന്ന് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് ഇവര്‍ ഒളിവില്‍ പോയത്.മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാകും പൊലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു കടക്കുക. അതേസമയം, ആദ്യ ഘട്ട ചോദ്യംചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് വിവരം.

ശനിയാഴ്ച രാത്രി നടന്ന സംഭവത്തിലാണ് പെണ്‍കുട്ടി സുഹൃത്തുക്കളായ 2 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കസബ പൊലീസില്‍ പരാതി നല്‍കിയത്. എറണാകുളം സ്വദേശികളായ ഇരുവരും ഇതോടെ ഒളിവില്‍ പോയി. ഇതില്‍ ഒരാള്‍ കോഴിക്കോടും രണ്ടാമത്തെയാള്‍ എറണാകുളത്തുമാണ് പഠിക്കുന്നത്.മൂവരും ഹൈസ്‌കൂള്‍ കാലത്ത് സഹപാഠികളായിരുന്നു.18ന് രാത്രി ബീച്ചിനു സമീപം പ്രതികളിലൊരാള്‍ താമസിക്കുന്ന കെട്ടിടത്തില്‍ കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയത്.

അബോധാവസ്ഥയിലായ പെണ്‍കുട്ടി രാവിലെ ബോധം വന്നശേഷം സുഹൃത്തിനെ വിളിച്ചു വരുത്തിയാണ് സ്ഥലത്ത് നിന്നു രക്ഷപ്പെട്ടത്. മാനസിക അസ്വാസ്ഥ്യം കണ്ടതിനെ തുടര്‍ന്ന് പഠിക്കുന്ന സ്ഥാപനത്തിലെ അധികൃതര്‍ കൗണ്‍സലിങ് നടത്തിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും ഇന്നലെ സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Exit mobile version