റഷ്യൻ അധിനിവേശം തുടരുന്ന യുക്രൈനിൽ അപ്രതീക്ഷിത സന്ദർശനവുമായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. യുക്രൈൻ പ്രസിഡൻ്റ് വൊളോഡിമർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ ബൈഡൻ വാഷിങ്ടൺ യുക്രൈനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പുനൽകി. ബൈഡൻ്റെ സന്ദർശനം എല്ലാ യുക്രൈൻ പൗരന്മാർക്കും പ്രധാനപ്പെട്ടതാണെന്നു സെലൻസ്കി പറഞ്ഞു. ദീർഘദൂര പരിധിയിൽ പ്രയോഗിക്കാവുന്ന ആയുധങ്ങളെപറ്റിയടക്കം ബൈഡനുമായി ചർച്ച ചെയ്തുവെന്നും സെലൻസ്കി വ്യക്തമാക്കി.
റഷ്യൻ അധിനിവേശത്തിൻ്റെ ഒന്നാം വാർഷികത്തിനു മുന്നോടിയായാണ് പ്രസിഡൻ്റ് ജോ ബൈഡൻ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു. യുക്രൈൻ്റെ ജനാധിപത്യം, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവയോടുള്ള യുഎസിൻ്റെ അചഞ്ചലമായ പ്രതിബദ്ധത പുനഃസ്ഥാപിക്കാനാണ് ബൈഡൻ്റെ സന്ദർശനം. യുക്രൈൻ ദുർബലമാണെന്നു കരുതിയാണ് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ ഒരു വർഷം മുമ്പ് അധിനിവേശം ആരംഭിച്ചത്. തങ്ങളെ മറികടക്കാൻ കഴിയുമെന്ന് അദ്ദേഹം കരുതി. പക്ഷേ പുടിന് തെറ്റിപ്പോയി. റഷ്യക്കെതിരെ ബൈഡൻ കൂടുതൽ ഉപരോധം പ്രഖ്യാപിക്കുമെന്നും യുക്രൈന് കൂടുതൽ ആയുധ സഹായമടക്കം നൽകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
റഷ്യൻ അധിനിവേശത്തിൻ്റെ ഒന്നാം വാർഷികത്തിനു മുന്നോടിയായാണ് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ കീവിൽ എത്തിയെന്ന് പ്രസിഡൻ്റ് സെലൻസ്കി ഉപദേഷ്ടാവ് ട്വിറ്ററിലൂടെ അറിയിച്ചു. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയിൽ ബൈഡൻ ആയുധങ്ങളും സൈനിക ഉപകരണങ്ങളുമടക്കം 50 കോടി യുഎസ് ഡോളറിൻ്റെ പ്രത്യേക സഹായം പ്രഖ്യാപിച്ചു. യുക്രൈൻ സന്ദർശനത്തിനുശേഷം പോളണ്ടിലേക്കും ബൈഡൻ എത്തും. പോളണ്ട് പ്രസിഡൻ്റ് ആന്ദ്രേയ് ദൂദയുമായി ബൈഡൻ കൂടിക്കാഴ്ച നടത്തും. 2022 ഫെബ്രുവരി 24 നാണ് യുക്രൈനിൽ കനത്തനാശം വിതച്ചു റഷ്യയുടെ ആക്രമണം തുടങ്ങിയത്. യുക്രൈൻ സേനയ്ക്കു പുറമേ ജനങ്ങളും ഇറങ്ങി റഷ്യൻ സേനയെ പ്രതിരോധിച്ചത് വലിയ ചർച്ചയായിരുന്നു.