24 വർഷം മുമ്പ് മലബാർ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനും ചിത്രയ്ക്കും നേരെ ഒരാൾ കല്ലെറിഞ്ഞു. അന്ന് ആരാണെന്ന് കണ്ടെത്തുന്നതിൽ സമൂഹം പരാചയപ്പെട്ടെങ്കിലും വർഷങ്ങൾക്കിപ്പുറം അയാളെ കണ്ടെത്തി. ബേപ്പൂർ മാത്തോട്ടം സ്വദേശി പണിക്കർ മഠം എൻ.വി. അസീസിനെയാണ് (56) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
1999 ഫെബ്രുവരി ഏഴിന് രാത്രി 9.15 നാണ് സംഭവം നടന്നത്. ഗാനമേള നടക്കുന്നതിനിടെ നഴ്സസ് ഹോസ്റ്റലിന് മുന്നിൽ നിന്ന് കല്ലെറിഞ്ഞ സംഘത്തിലെ ഒരാളാണ് അസീസ് എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. മാത്തോട്ടത്ത് നിന്ന് മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരിലെ പുളിക്കൽകുന്നത്ത് വീട്ടിൽ താമസിക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. മാത്തോട്ടം സ്വദേശി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. സംഭവ ദിവസം ഒരു പൊലീസുകാരന്‍റെ വയർലെസ് സെറ്റും നഷ്ടപ്പെട്ടിരുന്നു.
നടക്കാവ് സി.ഐ ആയിരുന്ന കെ.ശ്രീനിവാസനായിരുന്നു അന്ന് അന്വേഷണ ഉദ്യോഗസ്ഥൻ. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.