സ്ത്രീകള്‍ യഥാര്‍ത്ഥ രാഷ്ട്ര നിര്‍മാതാക്കള്‍, വീട്ടമ്മയായതിനാല്‍ നഷ്ടപരിഹാരത്തുക കുറയ്ക്കാനാകില്ല: ഹൈക്കോടതി

മനുഷ്യജീവിതത്തിന്റെ മൂല്യം പണത്തിന്റെ അടിസ്ഥാനത്തിലല്ല കണക്കാക്കേണ്ടതെന്നും അവരുടെ നിസ്വാര്‍ത്ഥയുടെയും സംഭാവനകളുടെയും അടിസ്ഥാനത്തിലാണെന്നും കോടതി നിരീക്ഷിച്ചു.

കൊച്ചി: വീട്ടമ്മയായതുകൊണ്ട് നഷ്ടപരിഹാരത്തുക കുറയ്ക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. വരുമാനമില്ലാത്ത വീട്ടമ്മമാരേയും ജോലിയുള്ള സ്ത്രീക്ക് സമമായി കാണണം. അമ്മയുടെയും ഭാര്യയുടെയും റോള്‍ താരതമ്യങ്ങള്‍ക്കപ്പുറമാണ്. കുറഞ്ഞ നഷ്ടപരിഹാരത്തുക നിശ്ചയിച്ചതില്‍ അപാകതയില്ലെന്ന വാദം നിഷ്ഠൂരമാണെന്ന് കോടതി പറഞ്ഞു.

സ്ത്രീകള്‍ യഥാര്‍ത്ഥ രാഷ്ട്ര നിര്‍മാതാക്കള്‍ ആണ്. അടുത്ത തലമുറയെ ഏറ്റവും മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കാനാണ് അവരുടെ മുഴുവന്‍ സമയവും ചെലവഴിക്കുന്നത്. മനുഷ്യജീവിതത്തിന്റെ മൂല്യം പണത്തിന്റെ അടിസ്ഥാനത്തിലല്ല കണക്കാക്കേണ്ടതെന്നും അവരുടെ നിസ്വാര്‍ത്ഥയുടെയും സംഭാവനകളുടെയും അടിസ്ഥാനത്തിലാണെന്നും കോടതി നിരീക്ഷിച്ചു.

2006ല്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുമ്പോള്‍ അപകടത്തില്‍ പരുക്കേറ്റ പാലക്കാട് എലവുപാടം കണിയമംഗലം അങ്ങോട്ടില്‍വീട്ടില്‍ കാളുക്കുട്ടിക്ക് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ അനുവദിച്ച നഷ്ടപരിഹാരത്തുക ചോദ്യം ചെയ്ത് സമര്‍പ്പിച്ച് അപ്പീല്‍ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.

ബസ് ബ്രേക്കിട്ടപ്പോള്‍ സീറ്റില്‍നിന്ന് തെറിച്ചുവീണ് കാളുക്കുട്ടി കിടപ്പിലാവുകയും ചികിത്സതേടുകയും ചെയ്തിരുന്നു. രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും 40,214 രൂപ മാത്രമാണ് അനുവദിച്ചത്.

തുടര്‍ന്ന് ഭാവിജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വീട്ടമ്മയ്ക്ക് വരുമാനമില്ലെന്നും നഷ്ടപരിഹാരം കൂടുതല്‍ നല്‍കാനാകില്ലെന്നുമാണ് കെഎസ്ആര്‍ടിസി കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഈ വാദം തള്ളി ഹൈക്കോടതി അപ്പീല്‍ ഹര്‍ജി അനുവദിക്കുകയായിരുന്നു.

Exit mobile version