ഇമ്രാൻ ഖാന്റെ അറസ്റ്റ് ചെയ്യാൻ പാക് സർക്കാർ, തടയാൻ നാടകീയ നീക്കങ്ങൾ; ഇമ്രാന്റെ വസതിക്ക് മുന്നിൽ നൂറുകണക്കിന്നാളുകൾ

ഇമ്രാൻ ഖാനെതിരേ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യാപേക്ഷ രണ്ട് ദിവസം മുമ്പ് തീവ്രവാദ വിരുദ്ധ കോടതി തള്ളിയിരുന്നു. സംരക്ഷണ ജാമ്യത്തിനായുള്ള അദ്ദേഹത്തിന്റെ അപേക്ഷ വ്യാഴാഴ്ച ലാഹോർ ഹൈക്കോടതി തള്ളുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റിനൊരുങ്ങുകയാണെന്ന തരത്തിൽ വർത്തകർ പരന്നത്.

പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് തലവൻ ഇമ്രാൻഖാന്റെ അറസ്റ്റ് തടയാൻ ലാഹോറിൽ നാടകീയ നീക്കങ്ങൾ. നൂറുകണക്കിന് അണികളും പാർട്ടി പ്രവർത്തകരുമാണ് അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ ക്യാമ്പ് ചെയ്തിരിക്കുന്നത്. ജാമ്യം റദ്ദാക്കിയതോടെ ഇ​മ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ പാകിസ്ഥാൻ പൊലീസ് പദ്ധതിയിടുന്നതായി വാർത്തകൾ പരന്നിരുന്നു. ഇതോടെയാണ് പാർട്ടി പ്രവർത്തകർ ഒത്തുകൂടി മുദ്രാവാക്യം വിളിച്ച് ബാനറുകളുമായി പ്രകടനം ആരംഭിച്ചത്. പ്രദേശത്ത് കനത്ത പൊലീസ് കാവൽ തുടരുകയാണ്.

പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് അയോ​ഗ്യനാക്കിയതിനു പിന്നാലെ പാകിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മീഷനു പുറത്തു പ്രതിഷേധിച്ചതിന് ഇമ്രാൻ ഖാനെതിരേ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യാപേക്ഷ രണ്ട് ദിവസം മുമ്പ് തീവ്രവാദ വിരുദ്ധ കോടതി തള്ളിയിരുന്നു. സംരക്ഷണ ജാമ്യത്തിനായുള്ള അദ്ദേഹത്തിന്റെ അപേക്ഷ വ്യാഴാഴ്ച ലാഹോർ ഹൈക്കോടതി തള്ളുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റിനൊരുങ്ങുകയാണെന്ന തരത്തിൽ വർത്തകർ പരന്നത്. ഇമ്രാൻ ഖാന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ രാജ്യം മുഴുവൻ തെരുവിലിറങ്ങുമെന്ന് പി.ടി.ഐ നേതാവ് മുസറത്ത് ജംഷെയ്ദ് ചീമ പറഞ്ഞു. പാർട്ടി മേധാവിയെ അറസ്റ്റുചെയ്യാനുള്ള ഏത് ശ്രമവും പരാജയപ്പെടുത്തുമെന്ന് പാർട്ടി പ്രവർത്തകരും വ്യതമാക്കി.

കേസ് ഇങ്ങനെ

ഇമ്രാൻ ഖാനെ അയോ​ഗ്യനാക്കിയതായി പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിനു പിന്നാലെ പാകിസ്ഥാനിൽ നിരവധി പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ഇമ്രാൻ ഖാനെതിരെ കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ വർഷം നവംബറിൽ വസീറാബാദിൽ ഒരു റാലിക്കിടെ വധശ്രമമുണ്ടായതിനെ തുടർന്ന് പരിക്കേറ്റതിനാൽ ഇമ്രാൻ ഖാന് ജാമ്യം അനുവദിക്കുകയായിരുന്നു. ബുധനാഴ്ച ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതിയി ജഡ്ജി രാജാ ജവാദ് അബ്ബാസ്, ഇമ്രാന് കോടതിയിൽ ഹാജരാകാൻ മതിയായ സമയം നൽകിയതാണെന്നും അദ്ദേഹം അതിൽ പരാജയപ്പെട്ടു എന്നും വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തെ ആക്രമണത്തിൽ നിന്ന് ഇമ്രാൻ ഖാൻ സുഖം പ്രാപിച്ചിട്ടില്ലാത്തതിനാൽ കോടതിയിൽ ഹാജരാകുന്നതിന്ന് നിന്ന് ഒരു തവണ കൂടി ഇളവ് അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ബാബർ അവാൻ കോടതിയിൽ വാദിച്ചു. ഇത് അം​ഗീകരിക്കാൻ വിസമ്മതിച്ച ജഡ്ജി, ഇമ്രാൻഖാനെപ്പോലെ സ്വാധിനമുള്ള വ്യക്തിക്ക് ഒരു സാധാരണക്കാരന് നൽകുന്നതിൽ കൂടുതലായി ഒരു ഇളവും കോടതിക്ക് നൽകാനാവില്ലെന്ന് വ്യക്തമാക്കി. ഇമ്രാൻ ഖാൻ കോടതിയിൽ ഹാജരാകണമെന്ന് കർശന നിർദ്ദേശവും നൽകി. തുടർന്നും ഹാജരാകാഞ്ഞതിനെ തുടർന്നാണ് ഇമ്രാൻ ഖാന്റെ ഇടക്കാല ജാമ്യം റദ്ദാക്കി ഉത്തരവിട്ടത്.

Exit mobile version