നൂറുകണക്കിനു വെബ്‌സൈറ്റുകള്‍ സൃഷ്ടിക്കാനുള്ള സംവിധാനം; ഇടപാടുകാര്‍ക്കായി ടീം ഹാര്‍ഹെ

കൊല്ലപ്പെടുന്നതിനു തൊട്ടുമുന്‍പ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് തയാറാക്കിയ റിപ്പോര്‍ട്ടിനെ പിന്തുടര്‍ന്നാണ് സ്റ്റോറി കില്ലേഴ്‌സ് എന്ന അന്വേഷണം നടത്തിയതെന്ന് 'ഫോര്‍ബിഡന്‍ സ്റ്റോറീസ്' കൂട്ടായ്മ പറയുന്നു

ഹാക്കിങ്ങിലൂടെയും വ്യാജ സമൂഹ മാധ്യമ പ്രചാരണങ്ങളിലൂടെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇടപാടുകാര്‍ക്കായി അട്ടിമറിക്കുന്നതാണ് ടീം ഹാര്‍ഹെയുടെ രീതിയെന്ന് ഫോര്‍ബിഡന്‍ സ്റ്റോറീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഏകദേശം 20 വര്‍ഷത്തോളമായി രംഗത്തുള്ള ടീം ഹാര്‍ഹെയുടെക്യാംപെയ്‌നുകളില്‍ ഭൂരിഭാഗവും ആഫ്രിക്കയിലാണ്. യുകെ, യുഎസ്, കാനഡ, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലും ഇവരുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട് എന്നും ഇവർക്ക് 6 പ്രധാന ഓഫിസുകളുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.

ഡിമോമാന്‍ ഇന്റര്‍നാഷനല്‍ എന്ന കമ്പനി വഴിയാണ് ഹനാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എന്നാല്‍ ഈ കമ്പനി പ്രതിരോധ കയറ്റുമതി പ്രോത്സാഹനത്തിനുള്ള ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തതാണ്. ഇസ്രയേല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

ഒരു ആഫ്രിക്കന്‍ രാജ്യത്തെ തിരഞ്ഞെടുപ്പു വൈകിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന കണ്‍സല്‍റ്റന്റുകള്‍ എന്ന പേരിലാണ് 3 മാധ്യമപ്രവര്‍ത്തകര്‍ ഇസ്രയേലിലെ ടെല്‍ അവീവില്‍നിന്ന് 32 കിലോമീറ്റര്‍ അകലെയുള്ള ഓഫീസില്‍ ഹനാനെ കാണാനെത്തിയത്. ഇവരോടായാണ് ഹനാന്‍ തന്ത്രങ്ങള്‍ വിശദീകരിച്ചത്. തിരഞ്ഞെടുപ്പ് ക്യാംപെയ്ന്‍ ഏറ്റെടുക്കുന്നതിനു പ്രതിഫലമായി ചോദിച്ചത് 6 – 15 ദശലക്ഷം യൂറോയാണ്, ഏകദേശം 53 132 കോടി ഇന്ത്യൻ രൂപ. മറ്റുള്ളവരുടെ ജി മെയില്‍, ടെലിഗ്രാം അക്കൗണ്ടുകള്‍ എളുപ്പത്തില്‍ എങ്ങനെ ഹാക്ക് ചെയ്ത് ഉള്ളില്‍ക്കടക്കാമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കു ഹനാന്‍ കാണിച്ചുകൊടുത്തു. കെനിയയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2 പേരുടെ അക്കൗണ്ടുകളാണു ഹാക്ക് ചെയ്തത്.

മുപ്പതിനായിരത്തിലേറെ വ്യാജ സമൂഹമാധ്യമ പ്രൊഫൈലുകള്‍ അടങ്ങിയ സോഫ്റ്റ്വെയര്‍ സംവിധാനമാണ് അഡ്വാന്‍ഡ്‌സ് ഇംപാക്ട് മീഡിയ സൊലൂഷന്‍സ്. ഞൊടിയിടയില്‍ എത്ര വ്യാജ പ്രൊഫൈലുകള്‍ വേണമെങ്കിലും ഇതുപയോഗിച്ചു തയാറാക്കാം. രാജ്യം, ജെന്‍ഡര്‍ എന്നിവ തിരഞ്ഞെടുക്കാം. ഇഷ്ടമുള്ള പേരു നല്‍കാം. അതിനു യോജിക്കുന്ന ചിത്രവും റെഡി. മിക്ക സമൂഹമാധ്യമങ്ങളിലും ഈ അക്കൗണ്ടുകള്‍ സൃഷ്ടിക്കുമെന്നതിനാല്‍ വ്യക്തി യഥാര്‍ഥമെന്ന പ്രതീതിയുണ്ടാക്കും.

എതിരാളികളെ തകര്‍ക്കാന്‍ അവരുടെ കുടുംബബന്ധങ്ങളില്‍ പോലും വിള്ളല്‍ വീഴ്ത്തും. ഇടപാടുകാര്‍ക്ക് അനുകൂലമായ ഉള്ളടക്കം പേറുന്ന നൂറുകണക്കിനു വെബ്‌സൈറ്റുകള്‍ ഓട്ടമേറ്റഡ് ആയി സൃഷ്ടിക്കാനുള്ള സംവിധാനം. ഇത് ആയിരക്കണക്കിനു വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ചു പ്രചരിപ്പിക്കും.

മാധ്യമങ്ങളില്‍ സ്വന്തം സ്വാധീനം ഉപയോഗിച്ച് ഇടപാടുകാര്‍ക്കുവേണ്ട വാര്‍ത്ത ‘പ്ലാന്റ്’ ചെയ്യും. ഫ്രാന്‍സിലെ ഏറ്റവും വലിയ ന്യൂസ് ചാനലായ ബി എഫ്എമ്മില്‍ റഷ്യയ്‌ക്കെതിരായ ഉപരോധത്തെക്കുറിച്ചുള്ള വാര്‍ത്ത വരുത്തിച്ചതായി ഹനാന്‍ അവകാശപ്പെടുന്നു. മുതിര്‍ന്ന വാര്‍ത്താ അവതാരകന്‍ ഇതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായി.

കൊല്ലപ്പെടുന്നതിനു തൊട്ടുമുന്‍പ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് തയാറാക്കിയ റിപ്പോര്‍ട്ടിനെ പിന്തുടര്‍ന്നാണ് സ്റ്റോറി കില്ലേഴ്‌സ് എന്ന അന്വേഷണം നടത്തിയതെന്ന് ‘ഫോര്‍ബിഡന്‍ സ്റ്റോറീസ്’ കൂട്ടായ്മ പറയുന്നു. ‘ഇന്‍ ദ് ഏജ് ഓഫ് ഫോള്‍സ് ന്യൂസ്’ എന്ന പേരില്‍ എഡിറ്റോറിയല്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഗൗരി വെടിയേറ്റു കൊല്ലപ്പെട്ടത്. വ്യാജ വാര്‍ത്തകള്‍ എങ്ങനെ ആയുധമായി ഉപയോഗിക്കപ്പെടുന്നു എന്നായിരുന്നു ലേഖനത്തിന്റെ ചുരുക്കം. 2017 സെപ്റ്റംബര്‍ 5ന് ബെംഗളൂരു രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നിലാണ് ബൈക്കിലെത്തിയ 2 പേര്‍ ഗൗരിയെ വെടിവച്ചു വീഴ്ത്തിയത്.

Exit mobile version