യു ട്യൂബിന്റെ തലവനായി ഇന്ത്യൻ വംശജൻ നീൽ മോഹൻ

സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ നീൽ മോഹൻ 2008ലാണ് ഗൂഗ്ളിലെത്തുന്നത്

ഇന്ത്യൻ വംശജൻ നീൽ മോഹൻ യുട്യൂബ് സി.ഇ.ഒ. ഗൂഗ്ളിലെ ആദ്യ ജീവനക്കാരിലൊരാളും യുട്യൂബ് സി.ഇ.ഒയുമായ സൂസൻ വോജിസ്കി സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് നിയമനം. ആഗോളതലത്തിൽ ഷോർട്ട് വിഡിയോ ആപായ ടിക് ടോക് സ്ട്രീമിങ് സർവീസായ നെറ്റ്ഫ്ലിക്സ് എന്നിവയുമായി കടുത്ത മത്സരം നേരിടുന്നതിനിടെയാണ് യുട്യൂബിലെ സി.ഇ.ഒ മാറ്റം.

ടെക് ലോകത്തെ വനിത സാന്നിധ്യമായ വോജിസ്കി കുടുംബത്തിലും ആരോഗ്യത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സ്ഥാനമൊഴിയുന്നുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മുമ്പ് ഗൂഗ്ളിന്റെ ഉൽപന്ന വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ടിച്ചിരുന്നു. 2014ലാണ് യുട്യൂബ് സി.ഇ.ഒയാകുന്നത്.

സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ നീൽ മോഹൻ 2008ലാണ് ഗൂഗ്ളിലെത്തുന്നത്. ചീഫ് പ്രൊഡക്ട് ഓഫീസറായിട്ടായിരുന്നു നിയമനം. പിന്നീട് യുട്യൂബ് ഷോർട്സ്, മ്യൂസിക് എന്നിവയിൽ പ്രവർത്തനം വ്യാപിപ്പിച്ചു. ഗൂഗ്ളിൽ എത്തുന്നതിന് മുമ്പ് മൈക്രോസോഫ്റ്റിലും ജോലി ചെയ്തിട്ടുണ്ട്. സി.ഇ.ഒയെ മാറ്റിയതിന് പിന്നാലെ ഗൂഗ്ളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ ഓഹരി വില ഒരു ശതമാനം ഇടിഞ്ഞിരുന്നു.

Exit mobile version