1960 കളിൽ യുവാക്കളുടെ ഹരമായിരുന്ന, ഹോളിവുഡ് മാദകറാണി റാക്വൽ വെൽഷ് വിടവാങ്ങി. 82 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.1995-ൽ എമ്പയർ മാസികയുടെ സിനിമാ ചരിത്രത്തിലെ ഏറ്റവും സെക്സിയായ 100 താരങ്ങളുടെ പട്ടികയിൽ റാക്വൽ ഇടം നേടിയിരുന്നു. 20-ാം നൂറ്റാണ്ടിലെ ഏറ്റവും സെക്സിയായ 100 താരങ്ങളെ തിരഞ്ഞെടുത്ത പ്ലേബോയ് മാസിക റാക്വലിന് നൽകിയത് മൂന്നാം സ്ഥാനമായിരുന്നു. അഞ്ചുപതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ മുപ്പതിലേറെ സിനിമകളിലും അമ്പത് ടെലിവിഷൻ ഷോകളിലും അവർ സാന്നിധ്യമറിയിച്ചു.
1940 ൽ ചിക്കാഗോയിലാണ് റാക്വൽ വെൽഷ് ജനിച്ചത്. അവരുടെ യഥാർത്ഥ നാമം ജോ റാക്വൽ തേജാദ എന്നാണ്. ചെറുപ്പം മുതലേ മോഡലിംഗിലും സിനിമയിലും താൽപ്പര്യമുണ്ടായിരുന്ന വെൽഷ് ആറാം വയസ്സിൽ ബാലെ പഠിക്കാൻ തുടങ്ങി. എന്നാൽ വെൽഷിൻറെ ശരീരം ബാലെയ്ക്ക് അനുയോജ്യമല്ലെന്ന് ടീച്ചർ അഭിപ്രായപ്പെട്ടതോടെ പഠനം നിർത്തുകയായിരുന്നു.
പതിനാലാമത്തെ വയസ്സിൽ മിസ് ഫോട്ടോജെനിക്, മിസ് കോൺടൂർ എന്നീ പദവികൾ ലഭിച്ചു. സാൻ ഡീഗോ കൗണ്ടി ഫെയറിൽ മിസ് ലാ ജോല്ല എന്ന പദവിയും മിസ് സാൻ ഡീഗോ – ദി ഫെയറെസ്റ്റ് ഓഫ് ദി ഫെയർ കിരീടവും നേടി. സൗന്ദര്യമത്സരങ്ങളുടെ ഈ നീണ്ട നിര ഒടുവിൽ കാലിഫോർണിയയിലെ മെയിഡ് എന്ന സംസ്ഥാന പദവിയിലേക്ക് റാക്വേലിനെ നയിച്ചു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോഴേക്കും മാതാപിതാക്കൾ വിവാഹമോചിതരായിരുന്നു.
1960 കളിലാണ് റാക്വലിൻറെ കരിയറിൽ വഴിത്തിരിവുണ്ടായത്. ഡാളസിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് മാറാൻ ഉദ്ദേശിച്ചിരുന്ന വെൽഷ് 1963 ൽ ലോസ് ഏഞ്ചൽസിലേക്ക് മടങ്ങുകയും ഫിലിം സ്റ്റുഡിയോകളിലെ വേഷങ്ങൾക്കായി അപേക്ഷിക്കാൻ തുടങ്ങുകയും ചെയ്തു. ഈ കാലയളവിലാണ് ഒരുകാലത്ത് ബാലതാരവും ഹോളിവുഡ് നിർമ്മാതാവുമായ പാട്രിക് കർട്ടിസിനെ പരിചയപ്പെടുന്നത്. അദ്ദേഹം അവരുടെ പേഴ്സണൽ, ബിസിനസ്സ് മാനേജരാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തു. വെൽഷിനു മാദകറാണിപ്പട്ടം പട്ടം നേടുന്നതിനുള്ള നീക്കം നടത്തിയത് അദ്ദേഹമായിരുന്നു.
എ സ്വിംഗിൻ സമ്മർ (1965) എന്ന ബീച്ച് ചിത്രത്തിലാണ് വെൽച്ചിന്റെ ആദ്യ ഫീച്ചർ വേഷം. അതേ വർഷം, ലൈഫ് മാഗസിൻ ലേഔട്ടിൽ “ദി എൻഡ് ഓഫ് ദ ഗ്രേറ്റ് ഗേൾ ഡ്രോട്ട്!” എന്ന പേരിൽ ഡെബ് സ്റ്റാർ പട്ടവും നേടി. 1966-ൽ പുറത്തിറങ്ങിയ വൺ മില്ല്യൺ ഇയേഴ്സ് ബി.സി എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായിരുന്നു. 1974-ൽ റിലീസായ ദ ത്രീ മസ്കറ്റിയേഴ്സ് എന്ന ചിത്രത്തിലൂടെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടി. 1987-ൽ ടെലിവിഷൻ സിനിമാ വിഭാഗത്തിൽ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബിനുള്ള നാമനിർദേശവും ലഭിച്ചു. റൈറ്റ് ടു ഡൈ ആയിരുന്നു ചിത്രം.
Discussion about this post