സിനിമാ, സീരിയലുകളിലൂടെ ജനമനസിൽ ഇടം നേടിയ നടൻ കാലടി ജയൻ വിടവാങ്ങി

അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്

തിരുവനന്തപുരം: സിനിമ, സീരിയൽ, നാടക നടൻ കാലടി ജയൻ (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ മണക്കാട് കാലടിയിലാണ് സ്വദേശം.

അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അൻപതോളം നാടകങ്ങളിലും നൂറിൽ അധികം സീരിയലുകളിലും അഭിനയിക്കുകയും പത്തിലധികം സീരിയലുകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം മാർ ഇവാനോസ് കോളേജിലായിരുന്നു പഠനം. നാടക ട്രൂപ്പുകളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ടൈറ്റാനിയം ഫാക്ടറിയിലും ജീവനക്കാരനായിരുന്നു. ദൂരദർശൻ സംപ്രേഷണം ചെയ്ത ആരോഗാനി ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സീരിയൽ.

Exit mobile version