ന്യൂഡല്‍ഹി: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ (ബിബിസി) ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കി ബിബിസിയുടെ ഡോക്യുമെന്ററി പുറത്ത് വന്നതിന് പിന്നാലെയാണ് റെയ്ഡ്.
അന്താരാഷ്ട്ര നികുതിയടക്കമുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ ‘സര്‍വേ’ നടത്തിയെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. റെയ്ഡിനിടെ ചില രേഖകള്‍ പിടിച്ചെടുത്തു. ജേര്‍ണലിസ്റ്റുകളുടെ ലാപ്‌ടോപുകളും ഫോണുകളും ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ടുപോയി. പരിശോധന പൂര്‍ത്തിയാകുന്നത് വരെ ഓഫീസുകള്‍ സീല്‍ ചെയ്തു. എന്നാല്‍ റെയ്ഡല്ല സര്‍വെയാണ് നടത്തുന്നതെന്നാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
നടപടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ മടക്കി നല്‍കുമെന്നും അവര്‍ അറിയിച്ചു. ഡല്‍ഹിയിലെ ഓഫീസിലെ റെയ്ഡില്‍ 20 ഓളം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തുവെന്നാണ് വിവരം. റെയ്ഡ് നടക്കുമ്പോള്‍ ഒരു വിവരങ്ങളും പുറത്തേക്ക് കൈമാറരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Discussion about this post