കന്നഡ ചിത്രം കാന്താരയിലെ വരാഹരൂപം എന്ന ഗാനം പകര്‍പ്പവകാശം ലംഘിച്ചാണ് ഉള്‍പ്പെടുത്തിയത് എന്ന കേസില്‍ നടൻ പൃഥ്വിരാജിനെയും സംഗീത സംവിധായകന്‍ അജനീഷ് ലോക്നാഥിനെയും ഇന്ന് ചോദ്യം ചെയ്യും. കേസില്‍ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കോഴിക്കോട് ടൗണ്‍ പൊലീസ് ആണ് ഋഷഭ് ഷെട്ടിയെയും നിര്‍മ്മാതാവ് വിജയ് കിരഗന്ദൂരിനെയും ചോദ്യം ചെയ്തത്.
പകര്‍പ്പവകാശം ലംഘിച്ചിട്ടില്ലെന്നും വരാഹരൂപമെന്ന ഗാനം തങ്ങളുടെ സൃഷ്ടിയാണെന്നും തിങ്കളാഴ്ച രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിലും ഇരുവരും അവകാശപ്പെട്ടു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ഋഷഭ് ഷെട്ടി ഇക്കാര്യം ആവര്‍ത്തിച്ചു.
പാട്ടിന്റെ രാഗങ്ങളും ഉപയോഗിച്ച ഉപകരണങ്ങളും വ്യത്യസ്തമാണെന്നാണ് കാന്താരയുടെ അണിയറ പ്രവര്‍ത്തകരുടെ വാദം.
തൈക്കുടം ബ്രിഡ്‍ജും മാതൃഭൂമിയും നൽകിയ പരാതിയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഇവരെ ചോദ്യം ചെയ്തത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് ഉള്‍പ്പെടെ ഒമ്പത് എതിര്‍ കക്ഷികളാണ് കേസിലുള്ളത്. കാന്താര സിനിമയിലെ വരാഹരൂപം എന്ന ഗാനത്തിന്‍റെ സംഗീതം തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്‍റ് ചിട്ടപ്പെടുത്തിയ നവരസം എന്ന ഗാനത്തിന്‍റെ പകര്‍പ്പവകാശം ലംഘിച്ചുവെന്നായിരുന്നു ആരോപണം. വിവാദമായതിന് പിന്നാലെ തൈക്കുടം ബ്രിഡ്ജും നവരസം ഗാനത്തിന്റെ ഉടമസ്ഥാവകാശം ഉള്ള മാതൃഭൂമി, കപ്പ ടി.വിയും കോഴിക്കോട് ടൌണ്‍ പൊലീസില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനുമെതിരെ പരാതി നല്‍കുകയായിരുന്നു. കേസില്‍ ഉപാധികളോടെ ഋഷഭ് ഷെട്ടിക്കും വിജയ് കിരഗന്ദൂരിനും ഹൈക്കോടതി നേരത്തേ ജാമ്യം നല്‍കിയിരുന്നു.
വരാഹരൂപം ഉള്‍പ്പെട്ട കാന്താര സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു സുപ്രിംകോടതിയുടെ നടപടി. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത നേടിയതിനെ തുടര്‍ന്ന് മറ്റ് ഭാഷകളിലേക്കും എത്തിയിരുന്നു.