പിള്ളേര് വണ്ടിയെടുത്താൽ പണി വരുമേ…

പലപ്പോഴും പൊതു ഗതാഗത സംവിധാനം സജീവമല്ലാത്തതാണ് ഇത്തരത്തിൽ കുട്ടികൾക്ക് വാഹനം വാങ്ങി നല്കാൻ രക്ഷിതാക്കളെ നിര്ബന്ധിതരാകുന്നത് എന്ന വസ്തുതയും തിരിച്ചറിയേണ്ടതുണ്ട്

പ്രായപൂർത്തിയായ അനന്തരവൻ സ്കൂട്ടർ ഓടിച്ചതിന് അമ്മാൻ പണികിട്ടി. 25000 രൂപയാണ് കോടതി പിഴ വിധിച്ചത്. അല്ലെങ്കിൽ 15 ദിവസം ജയിലിൽ കിടക്കണം. ആഹാ കോടതി പൊളിയാണല്ലേ എന്ന് പറയാൻ വരട്ടെ.
പ്രായപൂർത്തിയാകാത്ത മക്കൾ വണ്ടിയുമെടുത്ത് റോഡിലേക്ക് ഇറങ്ങുമ്പോൾ കൈയും കെട്ടി നോക്കിയിരുന്നാൽ നിങ്ങൾക്കും കിട്ടാം ഈ പണി.

കൗമാരപ്രായക്കാർ അടിപൊളി ബൈക്കിൽ ടൌണിൽ ചെത്തി നടക്കുന്നത് സാധാരണ കാഴ്ചയാണ്. നാട്ടിൻപുറത്താണേൽ ഇവൻമാർക്ക് ഹെൽമറ്റ് പോലും കാണില്ല. പൊതു ഗതാഗത സംവിധാനം സജീവമല്ലാത്ത പ്രദേശങ്ങളിൽ എല്ലാവീടുകളിലും മിനിമം ഒരു ടൂവീലറെങ്കിലും കാണും.

ആൺകുട്ടിയാണേൽ സൈക്കിൾ ബാലൻസിന്റെ ബലത്തിൽ പിന്നെ ഇതിലാകും യാത്ര. കുറെക്കഴിയുമ്പോൾ അവന് തന്നെ തോന്നും എന്നെക്കാളും വലിയൊരു റൈഡർ വേറെയില്ലെന്ന്. പിന്നങ്ങോട്ട് ഹൈവേയിലും ബൈപ്പാസിലും തിരക്കേറിയ റോഡിലൂടെയുമൊക്കെ മിന്നിച്ചങ്ങ് പായും.

നാട്ടുകാരും വീട്ടുകാരും പയ്യന്റെ കഴിവിൽ അഭിമാനം കൊള്ളും. അതേ, പൊതുനിരത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും പെൺകുട്ടികളും ബൈക്കോടിച്ചു പോകുന്നത് നമ്മുടെ നാട്ടിൽ പതിവ് കാഴ്ചയാണ്. കുഗ്രാമങ്ങളിൽ വാഹനം എന്നത് ന്യായമായ ആവശ്യം ആയത് കൊണ്ട് തന്നെ മാതാപിതാക്കൾ യാതൊരു വിമുഖതയും കാണിക്കാതെ കുട്ടികൾക്ക്, 18 വയസാകും മുമ്പെ തന്നെ വാഹനങ്ങൾ വാങ്ങി നൽകാറുണ്ട്. അവരുടെ പിന്നിലിരുന്ന് ഇരുന്നു യാത്ര ചെയ്യാറുമുണ്ട്. എന്നാൽ ഇത് നിയമവിരുദ്ധവും ജീവഹാനിവരുത്തുന്നതുമാണെന്ന് എത്രപേർക്കറിയാം.

പലർക്കും അറിയാമെന്നതാണ് സത്യം. പക്ഷേ, കുട്ടികൾ അപകടത്തിൽ പെടുമ്പോൾ നാട്ടുകാരും അധികാരികളും ഉൾപ്പടെയുള്ളവർ രക്ഷിതാക്കളെ പഴിച്ച് രംഗത്തെത്തും. കഴിഞ്ഞ ദിവസം പൊതുറോഡില്‍ പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയുംവരെ തടവുംശിക്ഷയും വിധിച്ചത്.

2022ലാണ് ഇയാള്‍ പിതൃസഹോദരപുത്രന് സ്‌കൂട്ടര്‍ നല്‍കിയത്. മലപ്പുറത്തുനിന്ന് രാമപുരത്തേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന കുട്ടിയെ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് പിടികൂടി. കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഡ്രൈവിങ് ലൈസന്‍സില്ലെന്നും കണ്ടെത്തിയ പൊലീസ് സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത് കുട്ടിയെ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിക്കുകയായിരുന്നു. പിഴയടയ്ക്കാത്തപക്ഷം 15 ദിവസത്തെ തടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും റിഫാക്ക് റഹ്‌മാന്‍ 25,000 രൂപ കോടതിയില്‍ അടച്ച് തലയൂരി.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകിയാൽ രക്ഷിതാക്കളെ ശിക്ഷിക്കുന്നത് ആവർത്തിച്ചാൽ ഈ നിയമവിരുദ്ധപ്രവർത്തി പതിയെ ഇല്ലാതാകും. നമ്മുടെ നാട്ടിൽ പലപ്പോഴും പൊതു ഗതാഗത സംവിധാനം സജീവമല്ലാത്തതാണ് ഇത്തരത്തിൽ കുട്ടികൾക്ക് വാഹനം വാങ്ങി നല്കാൻ രക്ഷിതാക്കളെ നിര്ബന്ധിതരാകുന്നത് എന്ന വസ്തുതയും തിരിച്ചറിയേണ്ടതുണ്ട്.

Exit mobile version