അത്യാവശ്യം തിടുക്കത്തിൽ സാധനം വാങ്ങി കടയിൽ നിന്ന് ഇറങ്ങുമ്പോൾ പുറകിൽ നിന്ന് ഒരു വിളി കേൾക്കാം ചേട്ടാ, ചേച്ചി ഫോൺ നമ്പർ തരാമോ?. എന്താ?, എന്തിനാ?, എന്നൊക്കെ ചോദിച്ചാൽ നമുക്ക് എന്തേലും കുഴപ്പമുണ്ടെന്ന് അവർ വിചാരിച്ചാലോ എന്ന് കരുതി പലപ്പോഴും ഫോൺ നമ്പർ നൽകാൻ നമ്മൾ നിര്ബന്ധിതരാകാറുണ്ട്. പിന്നെ ടെക്സ്റ്റ് ആയും കാൾ ആയും പ്രൊമോഷൻസിന്റെ നിലയ്ക്കാത്ത പ്രവാഹമാണ്.
ഇപ്പോഴിതാ ന്യായമായ കാരണം വ്യക്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ കടകളിൽ നിന്ന് സാധനം വാങ്ങുമ്പോൾ മൊബൈൽ നമ്പർ നൽകേണ്ടതില്ലെന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.
ഡൽഹി വിമാനത്താവളത്തിനുള്ളിലെ കടയിൽനിന്നു ച്യൂയിങ് ഗം വാങ്ങിയപ്പോൾ കടക്കാരൻ മൊബൈൽ നമ്പർ ആവശ്യപ്പെട്ടതു സംബന്ധിച്ചു പൊതുജനാരോഗ്യ ആക്ടിവിസ്റ്റ് ദിനേശ് എസ് ഠാക്കൂറിന്റെ ട്വീറ്റിനായിരുന്നു മന്ത്രിയുടെ മറുപടി. ച്യൂയിങ് ഗം വാങ്ങുന്നതിന് എന്തിനാണ് മൊബൈൽ നമ്പർ എന്ന് ചോദിച്ചപ്പോൾ സുരക്ഷാ കാരണങ്ങളാൽ മൊബൈൽ നമ്പർ വേണമെന്നായിരുന്നു കടയുടെ മാനേജർ ദിനേശിനോടു പറഞ്ഞത്. തുടർന്ന് ച്യൂയിങ് ഗം വാങ്ങാതെ കടയിൽനിന്നിറങ്ങിയെന്നായിരുന്നു ട്വീറ്റ്.
ബില്ലിങ് സമയത്തു വ്യാപാരസ്ഥാപനങ്ങൾ അനാവശ്യമായി മൊബൈൽ നമ്പർ വാങ്ങുന്നതിനെക്കുറിച്ചു പരാതികൾ ഉയരുന്നതിനിടെയാണു മന്ത്രിയുടെ പ്രതികരണം. കാരണം വ്യക്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ കടകളിൽ നിന്ന് സാധനം വാങ്ങുമ്പോൾ മൊബൈൽ നമ്പർ നൽകേണ്ടതില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം.ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബിൽ നിയമമാകുന്നതോടെ വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം അവസാനിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, സഹയാത്രികരിൽ പലരും യാതൊരു എതിർപ്പും കാണിക്കാതെ കടക്കാർക്ക് മൊബൈൽ നമ്പർ നൽകി എന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും ഠാക്കൂർ മറ്റൊരു ട്വീറ്റിൽ പറഞ്ഞിട്ടുണ്ട്.