സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ കൊച്ചിയിൽ വായുവിന്റെ ഗുണനിലവാരസൂചിക മോശം സ്ഥിതിയിലാണ്. രാസ ബാഷ്പ മാലിന്യമായ പി.എം. 2.5 ന്റെ തോത് ക്രമാതീതമായി വർദ്ധിക്കുന്നതാണ് കൂടുതൽ ആശങ്ക ഉണ്ടാക്കുന്നത്. ഗർഭിണികൾക്കും കുട്ടികൾക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന പി.എം. 2.5 കഴിഞ്ഞ ദിവസവും കൊച്ചിയിൽ 300 നു മുകളിലെത്തി.
ഫാക്ടറികളിൽ നിന്നും മറ്റ് ഊർജ ശ്രോതസുകളിൽ നിന്നും പുറം തള്ളുന്ന രാസമാലിന്യങ്ങളും കരിയും പൊടിയും പോലുള്ള ചെറുവസ്തുക്കളും അന്തരീക്ഷത്തിലെ നീരാവിയുമായി ചേർന്നാണ് പി.എം. 2.5 ഉണ്ടാകുന്നത്. വായുവിലൂടെ ഇത് ശരീരത്തിലേക്ക് എത്തുന്നത് മൂലം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ലോക ആരോഗ്യ സംഘടന വ്യക്തമാക്കുന്നു. കുട്ടികളെയും ഗർഭിണികളെയും മുതിർന്ന പൗരന്മാരെയുമാണ് ഇത് രൂക്ഷമായി ബാധിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിയുടെ അന്തരീക്ഷത്തിൽ പി.എം. 2.5 ന്റെ അളവ് അപകടകരമാം വിധം വർദ്ധിച്ചിരിക്കുകയാണ്; ഇന്നലെ മാത്രം 308 ലേക്ക് കണക്കുകൾ എത്തി. രാസ ബാഷ്പ മാലിന്യമായ പി.എം 2.5ന്റെ തോത് 50 ൽ കൂടുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നാണ് ലോക ആരോഗ്യ സംഘടന പറയുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ കൊച്ചിയിലെ സ്ഥിതി അതീവ ഗുരുതരം എന്ന് പറയേണ്ടിവരും.
കാലാവസ്ഥാ വ്യതിയാനങ്ങളാണ് പി.എം 2.5അന്തരീക്ഷത്തിൽ തന്നെ നിലനിൽക്കാൻ കാരണമെന്നാണ് പൊലൂഷൻ കൺട്രോൾ ബോർഡിന്റെ വിശദീകരണം. അന്തരീക്ഷത്തിൽ തണുപ്പ് നിലനിൽക്കുമ്പോൾ പി.എം 2.5 മുകളിലേക്ക് ഉയരാതെ അന്തരീക്ഷത്തിന്റെ താഴ്ഭാഗത്ത് കെട്ടിക്കിടക്കുന്ന അവസ്ഥ നിലവിലുള്ളത്, വ്യവസായ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ ഇത് സ്ഥിരം കാഴ്ചയാണ്, ഈ സാഹചര്യത്തിന് മാറ്റം വേണം എന്ന ആവശ്യവുമായി പരിസ്ഥിതി പ്രവർത്തകരും രംഗത്തുണ്ട്.
ഇന്ത്യയിൽ എയർ ആക്ട് നിലവിൽ വന്നിട്ട് 40 വർഷത്തോളമാകുന്നു എന്നാൽ ഇത് വേണ്ട രീതിയിൽ പരിഗണിക്കപ്പെട്ടിട്ടില്ല, കൊച്ചിയിലെ സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാരിൻറെ ശ്രദ്ധ അടിയന്തരമായ ഇക്കാര്യത്തിൽ ഉണ്ടാകണം അല്ലെങ്കിൽ ഇവിടെയുള്ള രോഗികളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കും പ്രത്യേകിച്ച് കുട്ടികളുടെയും പ്രായമായവരുടെയും ആരോഗ്യം വലിയ പ്രതിസന്ധിയിലാകും.