കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോവുകയും മണിക്കൂറുകൾക്ക് ശേഷം പിടിയിലാവുകയും ചെയ്തു. ബീഹാർ സ്വദേശി പുനംദേവിയെയാണ് മലപ്പുറം വേങ്ങരയിൽനിന്നും കണ്ടെത്തിയത്. കുഞ്ഞിനെ കാണാൻ പോകുന്നുവെന്ന് പൂനംദേവി മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇവരെ കണ്ടെത്താൻ സഹായിച്ചത്. ഫോറൻസിക് വാർഡിൽ നിന്നാണ് ഇവർ രക്ഷപ്പെട്ടതെന്നാണ് വിവരം. ശുചിമുറിയിലെ വെന്റിലേറ്ററിന്റെ ഗ്രിൽ ഇളക്കിയാണ് രക്ഷപ്പെട്ടത്.
കാമുകനൊപ്പം ജീവിക്കാൻ പൂനംദേവി ഭർത്താവിനെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയിരുന്നത്. സംഭവത്തിൽ കാമുകന്റെ പങ്കും പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ജനുവരി 31ന് രാത്രിയാണ് പുനംദേവി ഭർത്താവ് സൻജിത് പസ്വാനെ(33) സാരി കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത യുവതി മഞ്ചേരി സബ് ജയിലിൽ റിമാന്റിലായിരുന്നു. യുവതി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയിരുന്ന പ്രാഥമിക വിവരം. എന്നാൽ യുവതിക്ക് സ്വയം ഇത്തരത്തിൽ ഒരു കൃത്യം ചെയ്യാൻ സാധിക്കുമോയെന്നതാണ് പൊലീസ് സംശയിക്കുന്നത്.
കാമുകൻ പറഞ്ഞതു പ്രകാരം, വ്യക്തമായ പ്ലാനിംഗിലൂടെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിനായി ബീഹാറിലുള്ള കാമുകന്റെ മൊഴിയെടുക്കുകയും ഫോണുകൾ ഉൾപ്പെടെ പരിശോധിച്ച് വ്യക്തത വരുത്തുകയും ചെയ്യും. ഇരുവരടേയും ഫോൺസന്ദേശങ്ങൾ ഫോൺ വിളച്ച സമയവുമെല്ലാം കേസിൽനിർണായക തെളിവായി മാറിയേക്കും.
പൂനം ദേവി നാട്ടുകാരനായ യുവാവുമായി നേരത്തെ പ്രണയത്തിലായിരുന്നു. ഇതിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ പസ്വാൻ അഞ്ച് വയസുള്ള മകനോടൊപ്പം പൂനത്തിനെ രണ്ട് മാസം മുമ്പ് ജോലി സ്ഥലമായ വേങ്ങരയിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാൽ രഹസ്യ ഫോൺ ഉപയോഗിച്ച് പൂനം കാമുകനുമായുള്ള ബന്ധം തുടരുകയും സൻജിത് പസ്വാനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്നാണ് ഉറങ്ങുന്നതിനിടെ സൻജിതിന്റെ ഇരു കൈകളും തോർത്തുകൊണ്ട് കൂട്ടിക്കെട്ടി ഉടുത്ത സാരിയുടെ മുന്താണി ഉപയോഗിച്ച് കുരുക്കുണ്ടാക്കി കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്.
കട്ടിലിൽ നിന്ന് വലിച്ച് താഴെയിട്ട ശേഷം മരണം ഉറപ്പാക്കി കഴുത്തിലേയും കൈയിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത് മുറിയിലുള്ളവരോട് അസുഖമാണെന്ന് അറിയിക്കുകയായിരുന്നു. ഇവരുടെ സഹായത്തോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച സമയത്ത് മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയ പാടും കണ്ടതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചതായി കണ്ടത്തി. ഇതേതുടർന്ന് പൂനം ദേവിയെ പൊലിസ് വിശദമായ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
Discussion about this post