ഡല്‍ഹി – മുംബൈ എക്‌സ്പ്രസ് വേയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഡൽഹിയെയും മുംബൈയെയും ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേയുടെ 246 കിലോമീറ്റർ ദൂരമുളള സ്‌ട്രെച്ച് ആണ് പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കുന്നത്.
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച എക്‌സ്പ്രസ്‌വേ 12,150 കോടി രൂപ ചെലവിലാണ് നിർമിച്ചത്. ഈ പാത തുറക്കുന്നതോടെ ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്കുള്ള യാത്രാസമയം 5 മണിക്കൂറിൽ നിന്ന് 3.5 മണിക്കൂറായി കുറയും. ഇത് ഈ മേഖലയുടെ സാമ്പത്തിക വികസനത്തിന് ഊർജമേകും. 1,386 കിലോ മീറ്റർ നീളത്തിൽ രാജ്യത്തെ ഏറ്റവും വലിയ എക്‌സ്പ്രസ് വേയാണ് ഡൽഹി-മുംബൈ അതിവേഗ പാത.
പാത പൂർണമാകുന്നതോടെ ഇരു നഗരങ്ങൾക്കുമിടയിലെ ആകെ ദൂരം 1,424 കി.മീറ്ററിൽ നിന്നും 1,242 കിലോ മീറ്ററായി കുറയും. യാത്രാസമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറയുകയും ചെയ്യും. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര തുടങ്ങി ആറ് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. പ്രധാന നഗരങ്ങളായ കോട്ട, ഇൻഡോർ, ജയ്പൂർ, ഭോപ്പാൽ, വഡോദര, സൂറത്ത് തുടങ്ങി നഗരങ്ങളെ പാത ബന്ധിപ്പിക്കുന്നുണ്ട്.
നിലവില്‍ എട്ടുവരിപ്പാതയായാണു നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും പിന്നീട് അത് 12 വരിപ്പാതയാക്കാനാകും. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ ഒരു ഹെലിപ്പോര്‍ട്ടും സജ്ജീകരിക്കുന്നുണ്ട്. 2018 ലാണ് പദ്ധതിയിട്ടതെങ്കിലും 2019 മാര്‍ച്ച് 9 നാണ് എക്‌സ്പ്രസ് വേയുടെ ആദ്യഘട്ടത്തിന് ശിലയിട്ടത്. 2024 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണു കരുതുന്നത്.