അമേരിക്കയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ അജ്ഞാത പേടകത്തെ വെടിവെച്ച് വീഴ്ത്തി. അലാസ്‌ക സംസ്ഥാനത്തിന് മുകളില്‍ പറന്നിരുന്ന പേടകത്തെയാണ് 24 മണിക്കൂറോളം നിരീക്ഷിച്ചതിന് ശേഷം അമേരിക്ക തകര്‍ത്തത്.
വ്യാഴാഴ്ചയാണ് സംഭവം.ഹൈ ആള്‍ട്ടിറ്റിയൂഡ് ഒബ്‌ജെക്ട് എന്ന് മാത്രമാണ് പെന്റഗണ്‍ ഇതേക്കുറിച്ച് പറഞ്ഞത്.അലാസ്‌കയുടെ 40000 അടി ഉയരത്തില്‍ വ്യോമ മേഖലയിലായിരുന്നു ഈ പേടകമുണ്ടായിരുന്നത്.
വിമാന സര്‍വീസുകള്‍ക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് പേടകം വെടിവെച്ച് വീഴ്ത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഇന്നലെ പ്രാദേശിക സമയം 1.45 ഓടെയാണ് സൗത്ത് കരോലിനയ്ക്ക് മുകളിലായിരുന്ന പേടകത്തെ വെടിവെച്ച് വീഴ്ത്തിയത്. എഫ് 22 യുദ്ധ വിമാനത്തില്‍ നിന്ന് തൊടുത്ത മിസൈലാണ് പേടകത്തെ തകര്‍ത്തത്.
എന്ത് തരം പേടകമായിരുന്നു ഇതെന്ന് വ്യക്തമാക്കാന്‍ പെന്റഗണ്‍ ഇതുവരെ തയ്യാറായിട്ടില്ല. അകത്ത് ആളില്ലായിരുന്നുവെന്ന് ഉറപ്പാക്കിയിരുന്നതായി പെന്റഗണ്‍ അറിയിച്ചിട്ടുണ്ട്.
ഈ പേടകം ആരുടേതെന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. ഈയിടെ യുഎസിന്റെ വ്യോമാതിര്‍ത്തിയില്‍ സംശയാസ്പദമായ വിധത്തില്‍ കാണപ്പെട്ട ചൈനീസ് ചാരബലൂണ്‍ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടിരുന്നു. രഹസ്യങ്ങള്‍ ചോർത്തുന്നതിനുള്ള ചൈനയുടെ നീക്കമാണിതെന്നായിരുന്നു യു.എസിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് ഇപ്പോൾ അജ്ഞാതപേടകവും അമേരിക്കയിൽ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ബൈഡന്‍ ഭരണകൂടം ചാര ബലൂണിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. ഏകദേശം 40,000 അടി ഉയരത്തിലാണ് (12,000 മീറ്റര്‍) മൊണ്ടാനയ്ക്ക് മീതെ ബലൂൺ കണ്ടതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. വ്യോമസേനയുടെ ഒരു മിസൈല്‍ വിങ്ങും മിനിറ്റ്മാന്‍ III ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകളും ഉള്ളതിനാല്‍ത്തന്നെ മൊണ്ടാന ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മേഖലയാണ്.
ചൈനയുടെ ചാരബലൂണുകൾ നാല്പതിലേറെ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് ബൈഡൻ ഭരണകൂടത്തിന്റെ കുറ്റപ്പെടുത്തൽ. എന്നാൽ, ഏതൊക്കെ രാജ്യങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഇത്തരമൊരു ദൗത്യത്തിന് ചൈനയെ സഹായിച്ച മറ്റ് സംഘടനകളെയും കമ്പനികളെയും നിരീക്ഷിച്ചുവരുകയാണെന്നും സ്ഥിരീകരണമുണ്ടാകുന്ന പക്ഷം ഉപരോധമേർപ്പെടുത്തുമെന്നും യു.എസ്. വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എന്നാൽ, യു.എസ്. ആരോപിക്കുന്നതുപോലുള്ള ഒരുപദ്ധതിയും തങ്ങൾ വിഭാവനംചെയ്തിട്ടില്ലെന്ന് ചൈന ആവർത്തിച്ചു.