മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി. ശേഖരന്‍ നായര്‍ അന്തരിച്ചു

ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ ബ്യൂറോ ചീഫുമായ ജി. ശേഖരന്‍ നായര്‍ (75) അന്തരിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു.

മൂന്നുതവണ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് ഉള്‍പ്പെടെ പത്രപ്രവര്‍ത്തനരംഗത്തെ മികവിന് 35 ഓളം പുരസ്‌കാരങ്ങളും നേടി. യുഎസ്, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, ജര്‍മനി തുടങ്ങി 30-ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

1999-ല്‍ കൊളംബോയില്‍ നടന്ന സാര്‍ക്ക് ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാന്‍ അന്നത്തെ പ്രധാനമന്ത്രി എബി വാജ്പേയിയോടൊപ്പം പോയ മാധ്യമസംഘത്തില്‍ അംഗമായിരുന്നു. രണ്ടുതവണ ശ്രീലങ്ക സന്ദര്‍ശിച്ച് ആഭ്യന്തരയുദ്ധം റിപ്പോര്‍ട്ട് ചെയ്തു. 1993 മെയില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി പ്രേമദാസയുടെ വധവും 1995-ല്‍ ജാഫ്ന പട്ടണം തമിഴ്പുലികളില്‍നിന്ന് ശ്രീലങ്കന്‍ സൈന്യം പിടിച്ചെടുത്തതും റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version