ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക? : സുപ്രീം കോടതി

പ്രധാനമന്ത്രി മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് ബി.ബി.സി. ഡോക്യൂമെന്ററി നിര്‍മിച്ചതെന്നും ഇതിന് പിന്നില്‍ രാജ്യവിരുദ്ധ ശക്തികളുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉന്നയിച്ച് ഇന്ത്യയില്‍ ബിബിസി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക എന്നാണ് ഹര്‍ജി തള്ളിക്കൊണ്ട് കോടതി ആരാഞ്ഞത്.

ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയാണെന്ന്, ഹര്‍ജിക്കാരനെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ പിങ്കി ആനന്ദ് ആവശ്യപ്പെട്ടു. കൂടാതെ ഡോക്യുമെന്ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രി മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് ബി.ബി.സി. ഡോക്യൂമെന്ററി നിര്‍മിച്ചതെന്നും ഇതിന് പിന്നില്‍ രാജ്യവിരുദ്ധ ശക്തികളുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം.

ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ച് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി ഇന്ത്യ- ദി മോദിക്വസ്റ്റ്യന്‍ വന്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ബി.ബി.സിയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സമര്‍പ്പിച്ചത്.

Exit mobile version