അതിജീവനത്തിന്റെ 3 രാവുകൾക്കിപ്പുറവും ടർക്കിയെ ചേർത്ത് പിടിച്ച് ഓപ്പറേഷൻ ദോസ്ത്

ലോകം മുഴുവൻ വേദനയോടെ കണ്ടു നിന്ന ഭൂകമ്പത്തിൽ പൊലിഞ്ഞ് പോയ ജീവന്റെ കണക്കുകൾ 21000 കടന്നിരിക്കുന്നു. അതിജീവനത്തിന്റെ 3 രാവുകളിക്കിപ്പുറവും രക്ഷാപ്രവർത്തനങ്ങൾ തുടരുന്നുണ്ട്. ഒരു ജനത മുഴുവൻ പ്രകൃതി ഏൽപ്പിച്ച ദൂരത്തിന്റെ ആഘാതത്തിൽ പകച്ചു നിൽകുമ്പോൾ രക്ഷാപ്രവർത്തകരുടെ ഉള്ളിൽ മാത്രമാണ് പ്രതീക്ഷ നിലനിൽക്കുന്നത്. ജീവനോടെ ഒരുപാട് മനുഷ്യർ എവിടെയൊക്കെയോ അവശേഷിക്കുന്നുണ്ടെന്ന പ്രതീക്ഷയോടെ അവർ തിരച്ചിൽ തുടരുന്നു. നമ്മുക്ക് അഭിമാനിക്കാം, കൂട്ടത്തിൽ സഹായത്തിനായി ഇന്ത്യയുടെ സ്പെഷ്യൽ ഫോഴ്‌സുമുണ്ട്. ഓപ്പറേഷൻ ദോസ്ത് എന്ന പേരിൽ ഇന്ത്യൻ സംഘവും കൂടെ മറ്റു രാജ്യങ്ങളുടെ സംഘവും തിരച്ചിൽ തുടരുന്നുണ്ട്. ഒരുപാട് പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ട്. ജീവനോടെയും അല്ലാതെയും പെട്ട് പോയ ജനങ്ങളെ കണ്ടെത്താനുള്ള തിരച്ചിലുകളും നടക്കുന്നുണ്ട്.

ഇന്ത്യയുടെ ‘ഓപ്പറേഷന്‍ ദോസ്ത്’

‘ഓപ്പറേഷന്‍ ദോസ്ത്’ എന്നാണ് തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ രക്ഷാ ദൗത്യത്തിന് ഇന്ത്യ നല്‍കിയിരിക്കുന്ന പേര്. ഇതിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തനത്തിനുള്ള സാമഗ്രികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മെഡിക്കല്‍ കിറ്റുകളടക്കമുള്ളവ വഹിച്ച് ഇന്ത്യയില്‍ നിന്ന് ആറ് വിമാനങ്ങളേയാണ് അയച്ചിരിക്കുന്നത്. 50 എന്‍ഡിആര്‍എഫ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അംഗങ്ങള്‍, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡ്, ഡ്രില്ലിങ് മെഷീനുകള്‍, ദുരിതാശ്വാസ സാമഗ്രികള്‍, മരുന്ന്, മറ്റ് അവശ്യസേവനങ്ങളും ഉപകരണങ്ങളും ഓപ്പറേഷന്‍ ദോസ്തിന്‍റെ ഭാഗമാണ്. തുര്‍ക്കി സര്‍ക്കാരുമായും അങ്കാറയിലെ ഇന്ത്യന്‍ എംബസിയുമായും ഇസ്താംബുളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ഏകോപിപ്പിച്ചാണ് ഓപ്പറേഷന്‍ ദോസ്ത് പ്രവർത്തിക്കുന്നത്.

മെഡിക്കല്‍ സംഘത്തില്‍ ഓര്‍ത്തോപീഡിക് സര്‍ജിക്കല്‍ ടീം, ജനറല്‍ സര്‍ജിക്കല്‍ സ്‌പെഷ്യലിസ്റ്റ് ടീം, മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് ടീം എന്നിവ ഉപ്പെടുന്നു. കിടക്കകള്‍, വൈദ്യസഹായ സംവിധാനമൊരുക്കാനുള്ള എക്‌സ്‌റേ മെഷീനുകള്‍, വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റ്, കാര്‍ഡിയാക് മോണിറ്റേഴ്‌സ് എന്നിവയുമുണ്ട്. എന്‍ഡിആര്‍എഫിന്റെ മൂന്നു സംഘങ്ങള്‍ അടക്കം 250 രക്ഷാപ്രവര്‍ത്തകരും 135 ടണ്‍ വസ്തുക്കളുമാണ് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളില്‍ ഇരു രാജ്യങ്ങളിലുമായി എത്തിച്ചിരിക്കുന്നത്.

തുര്‍ക്കിയിലെ ഹാത്തേയില്‍ 30 കിടക്കകളുള്ള ഫീല്‍ഡ് ആശുപത്രി ഇന്ത്യന്‍ സൈന്യം തുര്‍ക്കിയില്‍ ഒരുക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ തിയേറ്ററും എക്‌സ്‌റേ സൗകര്യവും വെന്റിലേറ്ററും അടക്കമുള്ളവ ഈ താല്‍കാലിക ആശുപത്രിയില്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതിന് വിദേശകാര്യ മന്താലയത്തില്‍നിന്നുള്ള ഉദ്യോഗസ്ഥരുടെ ഒരു സംഘവുമുണ്ട്. ഇതില്‍ രണ്ടുപേര്‍ തുര്‍ക്കി ഭാഷ സംസാരിക്കാന്‍ കഴിയുന്നവരാണ്.

മറികടക്കാന്‍ നിരവധി പ്രതികൂല സാഹചര്യങ്ങള്‍

തുര്‍ക്കിയിലെ ഗാസിയാന്റെപ്പില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ആറുവയസ്സുകാരിയെ ഇന്ത്യയുടെ എന്‍ഡിആര്‍എഫ് സംഘം രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാഴാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയുടെ ഫീല്‍ഡ് ആശുപത്രിയില്‍ ഇന്ത്യന്‍ വനിതാ സൈനികയെ തുര്‍ക്കിക്കാരിയായ വയോധിക കെട്ടിപ്പുണര്‍ന്ന് കവിളില്‍ ചുംബിക്കുന്ന ഹൃദയഹാരിയായ ചിത്രവും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. ദുരിതമേഖലയില്‍ ഇന്ത്യന്‍ രക്ഷാസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് അത് കണക്കാക്കപ്പെടുന്നത്.

അതേസമയം, ഒട്ടും എളുപ്പമല്ല ദുരിതമേഖലയിലെ ഇന്ത്യയുടേത് അടക്കമുള്ള സംഘങ്ങളുടെ പ്രവർത്തനങ്ങള്‍. നിരവധി പ്രതിസന്ധികളാണ് തുര്‍ക്കിയിലും സിറിയയിലും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വിവിധ രാജ്യങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടത്. കൊടുംശൈത്യവും മഴയും അടക്കമുള്ള ദുഷ്‌കരമായ കാലാവസ്ഥയും കുടിവെള്ളം അടക്കം ഭക്ഷ്യവസ്തുക്കള്‍ ലഭ്യമല്ലാത്ത സാഹചര്യവുമാണ് തുര്‍ക്കിയിലും സിറിയയിലും ഇപ്പോഴുള്ളത്.

ഭൂകമ്പത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവര്‍ക്ക് ആവശ്യത്തിന് വസ്ത്രങ്ങളോ പുതപ്പോ ലഭ്യമല്ല. താല്‍കാലിക അഭയകേന്ദ്രങ്ങള്‍ പോലുമില്ല. വൈദ്യുതിയും ഇന്ധനവും ഭക്ഷണവും അഭയകേന്ദ്രങ്ങളുമില്ലാത്തവര്‍ മരംകോച്ചുന്നതണുപ്പില്‍ വിറങ്ങലിക്കുകയാണ്. കനത്ത മഞ്ഞുവീഴ്ചയില്‍ തീകത്തിച്ചും തകര്‍ന്നവീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അഭയം തേടിയും സന്നദ്ധപ്രവര്‍ത്തകര്‍ കൈമാറിയ കമ്പിളി പുതച്ചും രാത്രികഴിച്ചുകൂട്ടുകയാണ് പലരും. അതിനേക്കാള്‍ ഗുരുതര പ്രശ്‌നമാണ് പരിക്കേറ്റവര്‍ക്കുള്ള ചികിത്സാ സൗകര്യത്തിന്റെ അഭാവം. ഇതൊക്കെ പരിഹരിക്കേണ്ടത് രക്ഷാദൗത്യത്തിന്റെ ഭാഗമാണ്. പലയിടത്തും ദുരിതാശ്വാസപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നുമുണ്ട്.

നിലംപതിച്ച ബഹുനിലക്കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കംചെയ്യാന്‍ വൈകുന്നത് ഇടയില്‍പെട്ടുപോയ ആളുകളെ രക്ഷിക്കുന്നതിന് കാലതാമസമുണ്ടാക്കുന്നുണ്ട്. എങ്കിലും മൂന്നുദിവസത്തിനു ശേഷവും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ചിലരെയെങ്കിലും ജീവനോടെ പുറത്തെടുക്കാന്‍ കഴിയുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷനല്‍കുന്നു. ഭൂകമ്പം ഏറ്റവുംകൂടുതല്‍ നാശംവിതച്ച അന്താക്യയില്‍ പ്രതികൂലകാലാവസ്ഥയ്ക്കിടയിലും രാപകല്‍ഭേദമെന്യേ തിരച്ചില്‍ തുടരുകയാണ്. മഞ്ഞുവീഴ്ചയെ വകവെക്കാതെ ഉറ്റവരെ സ്വന്തംനിലയ്ക്ക് തിരയുന്നവരും കുറവല്ല.

അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടുപോയവരെ രക്ഷപ്പെടുത്തുന്നതിനാണ് എന്‍ഡിആര്‍എഫ് പ്രാധാന്യം നല്‍കുന്നത്. റഡാറുകള്‍ ഉപയോഗിച്ച് ആളനക്കങ്ങള്‍ തിരഞ്ഞും ട്രില്ലറുകള്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് മുറിച്ചുമാറ്റിയുമാണ് രക്ഷാപ്രവര്‍ത്തനം. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി കൈമാറുന്നതിന് മുന്‍പ് പ്രാഥമിക ചികിത്സയും നല്‍കുന്നു.

ദുരിതബാധിതരോട് ഇന്ത്യയുടെ സഹാനുഭൂതി

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ പ്രകൃതി ദുരന്തത്തില്‍ ആദ്യഘട്ടത്തില്‍ത്തന്നെ രക്ഷാദൗത്യത്തിന് മുന്നിട്ടിറങ്ങിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. തുര്‍ക്കിയിലെ ജനങ്ങളോടൊപ്പം നില്‍ക്കുകയാണെന്നും കഴിയുന്ന സഹായങ്ങള്‍ ലഭ്യമാക്കാന്‍ തയ്യാറാണെന്നും ഭൂകമ്പവാര്‍ത്ത പുറത്തുവന്ന അന്നുതന്നെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിബ് ഉര്‍ദുഗാന്റെ ട്വീറ്റിനുള്ള പ്രതികരണമായായിരുന്നു ഇത്. ദുരന്തം ബാധിച്ച സിറിയയിലെ ജനങ്ങള്‍ക്കും സഹായവും പിന്തുണയും നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് വൈകീട്ട് മറ്റൊരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ന്ന്, തിങ്കളാഴ്ചതന്നെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയുടെ നേതൃത്വത്തില്‍ യോഗം ചേരുകയും രക്ഷാസംഘത്തെ അയയ്ക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ദുരിതസാഹചര്യത്തില്‍ ഇന്ത്യയുടെ സന്മനസ്സിനെ ഇരുകൈയും നീട്ടിയാണ് തുര്‍ക്കിയും സിറിയയും സ്വീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ സാക്ഷ്യപത്രമാണ് ഇന്ത്യ നല്‍കുന്ന സഹായമെന്ന് തുര്‍ക്കിയുടെ ഇന്ത്യയിലെ നയതന്ത്ര സ്ഥാനപതി ഫിറാത് സുനൈല്‍ പറഞ്ഞു. അവശ്യ ഘട്ടത്തില്‍ ഉപകാരപ്പെടുന്നയാളാണ് യഥാര്‍ഥസുഹൃത്തെന്നും തുര്‍ക്കിയുടെ നിലവിലെ സാഹചര്യത്തില്‍ സഹായമെത്തിച്ചതിന് നന്ദിയറിയിക്കുന്നതായും വ്യക്തമാക്കി.

ഭൂകമ്പ ദുരിതത്തില്‍പ്പെട്ട രാജ്യങ്ങളെ സഹായിക്കാന്‍ ലോകത്തിന്റെ വിവിധകോണുകളില്‍നിന്ന് സംഘടനകളും രാജ്യങ്ങളും സഹായം ലഭ്യമാകുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ലോക ബാങ്ക് 1.78 ബില്യണ്‍ (ഏകദേശം 1.46 ലക്ഷം കോടി രൂപ) നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തുര്‍ക്കിക്ക് ഇതുവരെ എഴുപതോളം രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍, അമേരിക്കയും യൂറോപ്യന്‍ യൂണിയനും അടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്ന് ഉപരോധം നേരിടുന്ന സിറിയയിലേക്ക് സഹായമൊന്നും എത്തുന്നില്ല. എന്നാല്‍ ഇവിടെയും ഇന്ത്യ വേറിട്ടുനില്‍ക്കുന്നു. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ജി-20 മുദ്രാവാക്യമാണ് ഇന്ത്യ പിന്തുടരുന്നത് എന്നായിരുന്നു ഉപരോധം നേരിടുന്ന സിറിയയ്ക്ക് സഹായമെത്തിക്കുന്നതിനേക്കുറിച്ചുള്ള ചോദ്യത്തോട് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് വര്‍മയുടെ പ്രതികരണം.

Exit mobile version