തൊണ്ട പൊട്ടുമാറ് മുദ്രാവാക്യം വിളിച്ച്, മുഷ്ടിചുരുട്ടിയ കൈകൾ അന്തരീക്ഷത്തിലേക്ക് ഉയർത്തി, കൊടികൾ പായിച്ചുവരുന്ന സമരക്കാർ മുന്നിലെ ബാരിക്കേഡ് കാണുമ്പോൾ എക്സ്പ്രസ് വേഗത്തിലാണ് അതിലേക്ക് ഇടിച്ചു കയറുന്നത്, അപ്പോഴേക്കും സൈറൺ മുഴങ്ങും പിന്നെ വൈകില്ല വെള്ളം പായിക്കലാണ്, അതുവരെ ബാരിക്കേഡിൽ കയറി നിൽക്കുന്നവരും പാഞ്ഞ് അടുക്കുന്നവരും ജനപീരങ്കിയുടെ ആഘാതത്തിൽ തെറിച്ചു വീഴുന്നത് കാണാം. കേരളത്തിലെ സമരമുഖങ്ങളിലെ പതിവ് കാഴ്ചയാണിത്.
സമരക്കാരെ പിരിച്ചുവിടാൻ പോലീസ് എടുക്കുന്ന രണ്ടാമത്തെ അടവാണ് ജലപീരങ്കി, തുടർച്ചയായി സമരക്കാർ അക്രമ വീര്യം പുറത്തെടുക്കുമ്പോൾ പോലീസ് ആദ്യ അടവ് പുറത്തെടുക്കും, പോലീസ് ആക്ടിൽ പ്രകാരം മുന്നറിയിപ്പ് എഴുതി കാണിക്കും അതായത് സമരക്കാർ പിരിഞ്ഞു പോകണം ഇല്ലെങ്കിൽ അടി വീഴും എന്ന്, നിയമപരമല്ലാത്ത ജനക്കൂട്ടം ആണിതെന്ന ബോധ്യപ്പെടുത്തൽ രേഖപ്പെടുത്തിയ ബാനർ രണ്ടു വശങ്ങളിൽ നിന്നായി ഉയരും പിന്നെയും ബാരിക്കേഡുകളുടെ മെക്കിട്ട് കയറുന്ന കലാപരിപാടികൾ തുടരുമ്പോൾ സമരക്കാരെ അടികൊടുക്കാതെ പറഞ്ഞുവിടാൻ പൊലീസിന്റെ പക്കലുള്ള ഏക ആയുധമാണ് ജലപീരങ്കി.
കുടിവെള്ളത്തിന്റെ വില എത്ര കൂടിയാലും സമരക്കാർ വയലന്റായാൽ പൊലീസിനു വെള്ളം ചീറ്റിക്കാതിരിക്കാൻ നിർവ്വാഹമില്ല. കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ നടത്തിയ സമരത്തിനിടയിലും ജലപീരങ്കി പ്രയോഗമുണ്ടായി. ആ ചീറ്റലിൽ റോഡിൽ ആകെ ഉണ്ടായിരുന്ന ടാർ പോലും ഇളകിത്തെറിച്ചു.
സംഭവം വാർത്തയായതോടെ ‘ഇതെന്തു ചീറ്റിക്കലാണ് പോലീസേ?’ എന്ന് ചോദിച്ച വിരുതന്മാരോട് ‘വെള്ളം തെറിപ്പിച്ചാൽ തെറിക്കുന്നത് എന്തു തരം ടാറിങ്ങാണെന്ന്?’ അവരും തിരിച്ചു ചോദിച്ചു.
ടി.വി സ്ക്രീനിൽ സമരം കാണുന്നവരുടെ ഇഷ്ടതാരമാണ് കേരളം പോലീസിന്റെ വരുൺ എന്ന ജലപീരങ്കി, ആദ്യം ചെറുതായി കുളിപ്പിക്കും പിന്നെ കഠിപ്പിച്ചു തുടങ്ങും, അതാണ് വരുണിന്റെ രീതി. വെള്ളമടിക്ക് ശേഷമാണ് കണ്ണീർ വാതകവും പിന്നാലെ ലാത്തിച്ചാർജും വരുന്നത്.
ജലപീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തെക്കുറിച്ച് ആശങ്ക വേണ്ട. മീനച്ചലാറ്റിലെ വെള്ളമാണ് നിറയ്ക്കുന്നത്. 12,000 ലീറ്റർ സംഭരണ ശേഷിയുണ്ട് ഇതിന്റെ ടാങ്കിന്. 50 മീറ്റർ അപ്പുറത്തേക്കുവരെ ലക്ഷ്യം തെറ്റാതെ വെള്ളം ചീറ്റാം. ഫയർ എൻജിന്റെ ആകൃതിയിൽ നിർമിച്ച പീരങ്കിയുടെ മുകളിൽ ഘടിപ്പിച്ച രണ്ടു പൈപ്പുകൾ (ഗൺ) വഴിയാണു വെള്ളം ചീറ്റുന്നത്.
ജലപീരങ്കി പ്രയോഗിക്കാൻ തുടങ്ങിയാൽ അതിൽ നിന്ന് എങ്ങനെ അപകടമില്ലാതെ രക്ഷപ്പെടാം എന്നും നമ്മുടെ പല രാഷ്ട്രീയ പ്രവർത്തകർക്കും അറിയാം. വെള്ളം ചീറ്റുന്നതിനു മുൻപ് സൈറൺ മുഴക്കും. ഇതു കേൾക്കുമ്പോഴേ സമരക്കാരിൽ പലരും ചെവിയിൽ വിരൽ കയറ്റും. വെള്ളത്തിൽ നിന്നു രക്ഷനേടാൻ പ്രതിഷേധത്തിനു മുൻപുതന്നെ ചെവിയിൽ പഞ്ഞി തിരുകി എത്തുന്നവരും വിരളമല്ല.
Discussion about this post