തിരുവനന്തപുരം: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഉള്ളൂരിലെ വീടിനു നേര്‍ക്ക് അജ്ഞാതരുടെ ആക്രമണം. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകർക്കുകയും ചോര പാടുകൾ കണ്ടെത്തുകയും ചെയ്തു. എപ്പോഴാണ് ആക്രമണം ഉണ്ടായതെന്ന കാര്യം വ്യക്തമല്ല. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ഇവിടം വൃത്തിയാക്കാന്‍ എത്തിയ സ്ത്രീയാണ് ചോരപ്പാടുകളും ജനല്‍ച്ചില്ലുകള്‍ തകര്‍ന്ന നിലയിലും കണ്ടെത്തിയത്. വീടിന്റെ ടെറസിലേക്കുള്ള പടികളിലും ചോരപ്പാടുകളുണ്ട്.
മോഷണശ്രമമായി തങ്ങള്‍ക്കോ പോലീസിനോ തോന്നുന്നില്ലെന്നും ആക്രമണശ്രമമായാണ് തോന്നുന്നതെന്നും കേന്ദ്രമന്ത്രിയുടെ സഹായികളിലൊരാളായ ബാലു പ്രതികരിച്ചു. ചോരപ്പാടുകള്‍ വീടിന്റെ പല ഭാഗത്തുമുണ്ടെങ്കിലും വാതില്‍ തള്ളിത്തുറക്കാനോ ജനല്‍ കുത്തിത്തുറക്കാനോ ശ്രമിച്ചിട്ടില്ല. അതിനാല്‍ മോഷണശ്രമമായി കരുതാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടില്‍ സി.സി.ടി.വിയില്ല. തൊട്ടപ്പുറത്തെ വീട്ടിലെ സി.സി.ടി.വിയില്‍നിന്നുള്ള ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
വി. മുരളീധരന്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ താമസിക്കുന്ന വീടാണ് ഇത്. ഇതിന് പിന്നിലാണ് മന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സംഭവം നടന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ അദ്ദേഹം
ഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത്.