ഭൂകമ്പങ്ങൾ തുർക്കിക്കാർക്ക് അപരിചിതമല്ല, ഒന്ന് പറഞ്ഞു രണ്ടിന് ഇവിടെ ഭൂമി കുലുങ്ങും, പ്രതിവർഷം 1,500 മുതൽ 2,000 വരെ ശരാശരി ഭൂകമ്പങ്ങൾ തുർക്കിയിൽ അനുഭവപ്പെടുന്നതായാണ് വിലയിരുത്തപ്പെടുന്നത്, അതായത് പ്രതിദിനം 4 മുതൽ 5 വരെ ചെറുതും വലുതുമായ ഭൂകമ്പങ്ങൾ അതുമൂലമുണ്ടാകുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാൻ വിപുലമായ സംവിധാനങ്ങളും ഇവിടെ നിലവിലുണ്ട്. ഭൂമിശാസ്ത്രപരമായി രണ്ടു മുഖ്യഭൗമപാളികൾ കൂടി ചേരുന്നിടത്താണു തുർക്കി സ്ഥിതിചെയ്യുന്നത് എന്നതിനാൽ തന്നെ ഇടയ്ക്കിടെയുള്ള ഭൂചലനങ്ങളോടു പൊരുത്തപ്പെട്ടുകൊണ്ടാണ് ഇവിടുത്തുകാർ ജീവിക്കുന്നത്.
തിങ്കളാഴ്ചത്തെ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ തുർക്കിയിലും സിറിയയിലുമായി മരിച്ചവരുടെ എണ്ണം 11,200 കവിഞ്ഞു. തുർക്കിയിൽ 8,574 പേരും സിറിയയിൽ 2,662 പേരും മരിച്ചു. തുർക്കിയിൽ 50,000 ത്തോളം പേർക്കും സിറിയയിൽ 5,000 പേർക്കും പരിക്കേറ്റതായി ഇരു രാജ്യങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും അറിയിച്ചു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സിറിയൻ അതിർത്തിയോടു ചേർന്ന് 600 കിലോമീറ്റർ തെക്കുകിഴക്കായി തുർക്കിയിലെ കഹർമൻ മറാഷ് പ്രവിശ്യയിലായിരുന്നു. ഈ മേഖലയാകെ 1.3 കോടി ജനസംഖ്യയുണ്ട്. ഇതിൽ ഗസിയാൻടെപ്, ദിയാർബക്കീർ എന്നിവ ഉയർന്ന ജനസാന്ദ്രതയുള്ള നഗരങ്ങളാണ്; ഓരോ നഗരത്തിലും 20 ലക്ഷത്തോളം ആളുകൾ പാർത്തിരുന്നതായാണ് വിവരം.
ഭൂകമ്പത്തിൽ എല്ലാം തകർന്നടിഞ്ഞപ്പോൾ, കടുത്ത മഞ്ഞിലും മഴയിലും രാവും പകലും നോക്കാതെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ സന്നദ്ധപ്രവർത്തകരുടെ ധീരത പരാമർശിക്കാതിരിക്കാനാകില്ല. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒട്ടേറെപ്പേരെ രക്ഷിക്കാനും അടിയന്തര ശുശ്രൂഷ നൽകാനും അവർക്കായി.
അതേസമയം തെക്കൻ തുർക്കിയിൽ ഉണ്ടായ വൻ ഭൂകമ്പങ്ങളെത്തുടർന്ന് ഉടനടി രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിൽ ചില പാളിച്ചകൾ സംഭവിച്ചതായി തുർക്കി പ്രസിഡന്‍റ് തയ്യിബ് എർദോഗൻ പറഞ്ഞു. എന്നാൽ രക്ഷാപ്രവർത്തനം ഇപ്പോൾ ഊർജിതമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അധികം വൈകാതെ തന്നെ രാജ്യം സാധാരണനിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തെക്കൻ തുർക്കിയിലെ രക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചിട്ടില്ലെന്നും ഭൂകമ്പത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തെരുവുകളിൽ ഉപേക്ഷിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഭൂകമ്പം ബാധിച്ച 10 പ്രവിശ്യകളിൽ അടുത്ത മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഹതായിലും മറ്റും ദുരിതാശ്വാസപ്രവർത്തനങ്ങൾ വൈകുന്നതിൽ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഭൂകമ്പമുണ്ടായി ആദ്യ 12 മണിക്കൂറിനുള്ളിൽ രക്ഷാപ്രവർത്തനത്തിന് ആരും എത്തിയില്ലെന്നും, അതിനാൽ തങ്ങൾ സ്വയം രക്ഷാപ്രവർത്തനം നടത്താൻ നിർബന്ധിതരാവുകയായിരുന്നുവെന്നും ജനങ്ങൾ ആരോപിക്കുന്നു .
അതേ സമയം സിറിയയിലെ സാഹചര്യങ്ങൾ അവ്യക്തമായി തുടരുകയാണ്. ഭൂകമ്പത്തിൽ റോഡുകളും വൈദുത സംവിധാനങ്ങളും തകർന്നടിഞ്ഞ സിറിയ അരക്ഷിതത്വത്തിലാണ്. രക്ഷാപ്രവത്തനം വൈകുന്ന സാഹചര്യത്തിൽ മരണനിരക്ക് കുതിച്ചുയരുകയാണ്. മരണ നിരക്ക് ഔദ്യോഗിക രേഖകളേക്കാൾ അധികമാണ് എന്നും തിട്ടപ്പെടുന്നതാകത സാഹചര്യമാണ് നിലവിലുള്ളത് എന്നും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തങ്ങൾ പുരോഗമിക്കുന്ന സിറിയയിൽ നിന്നും പുറത്തുവരുന്ന ദുരന്ത കാഴ്ചകൾ ഹൃദയ ഭേദകമാണ്.
Discussion about this post