പ്രിയപ്പെട്ടവരുടെ ശവശരീരങ്ങളും കൊണ്ട് കാതങ്ങൾ താണ്ടേണ്ടി വന്ന മനുഷ്യന്മാരുടെ കഥകൾ എന്നും ഇന്ത്യയുടെ ചരിത്രത്തിൽ വേദനയോടെ എഴുതപ്പെട്ടിരുന്നു. പക്ഷെ, ഒഡിഷക്കാരനായ സാമുലു പാകിയുടെ കഥ കുറച്ചുകൂടെ വ്യത്യസ്തമാണ്. അസുഖബാധിതയായ ഭാര്യയെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ സാംഗിവലസയിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരുന്നുകളോട് ഭാര്യയുടെ ശരീരം പ്രതികരിച്ചില്ല. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പാകി തന്റെ ഭാര്യയെ വീട്ടിലേക്ക് കൊണ്ട് പോകാൻ തീരുമാനിക്കുന്നു. ഭാര്യയെ വീട്ടിലെത്തിക്കാൻ തന്നാൽ കഴിയുന്ന ഒരു ഓട്ടോറിക്ഷ പിടിച്ച പാകി, അവരെയും കൊണ്ട് യാത്ര പുറപ്പെട്ടു. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് ഏകദേശം 100 കിലോ മീറ്ററുകൾ ഉണ്ട്. പക്ഷെ യാത്രയുടെ മധ്യത്തിൽ വിജയനഗരത്തിലേക്ക് കടക്കുമ്പോൾ ഭാര്യ ആദി ഗുരു മരണമടഞ്ഞു. പിന്നീടങ്ങോട്ട്, യാത്ര ചെയ്യാൻ ഓട്ടോ ഡ്രൈവർ വിസമ്മതിച്ചു. മാത്രമല്ല ഇരുവരെയും ഉപേക്ഷിച്ച് അയാൾ പോകുകയും ചെയ്തു. ഒടുവിൽ തന്റെ ഭാര്യയെ ചുമക്കാൻ സ്വയം മഞ്ചലായി തീരുകയായിരുന്നു സാമുലു പാകി.
ഭാര്യയുടെ ശരീരവുമായി അയാൾ കാതങ്ങൾ നടന്നു. വഴി മധ്യത്തിലാണ് അയാളെ ഒരു പോലീസുകാരൻ കണ്ടെത്തുന്നത്. മനസ് മരവിച്ചു പോയ ആ മനുഷ്യൻ ഇനിയും താണ്ടേണ്ട 80 കിലോ മീറ്ററുകളുടെ കഥ വളരെ വേദനയോടെ പോലീസിനെ അറിയിച്ചു. പോലീസ് അയാൾക്ക് ആംബുലൻസ് ഏർപ്പാടാക്കി കൊടുത്തു. പിന്നീട് അയാളെ മാധ്യമങ്ങൾ വളഞ്ഞെങ്കിലും ഒന്നിനും മറുപടി പറയാൻ പറ്റിയ മനസികാവസ്ഥയിലായിരുന്നില്ല പാകി.
Discussion about this post