അപകട രഹിതവും സഞ്ചാര യോഗ്യവുമായ പൊതു നിരത്തുകൾ ഒരു പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തിൽ ഉൾപ്പെടുന്നതാണ്, അത് ഉറപ്പുവരുത്തേണ്ടത് സർക്കാറിന്റെ ബാധ്യതയാണ്. നിർഭാഗ്യവശാൽ നമ്മുടെ സർക്കാർ കാറ്റിന്റെയും മഴയുടെയും വെയിലിന്റെയും പേരിൽ കുഴിയടക്കാനോ റോഡ് നന്നാക്കാനോ തയ്യാറല്ല, അറ്റകുറ്റപ്പണികള്‍ ആരംഭിക്കാൻ ഇലക്ഷന് കാലം വരെ കാത്തിരിക്കേണ്ടി വരും എന്നാണ് അടക്കം പറച്ചിൽ.
ടാറിട്ട റോഡ് കണ്ട കാലം മറന്ന ജനത, കുണ്ടും കുഴിയും എണ്ണിയെണ്ണി അതീവ സാഹസികയാത്ര നടത്തുന്ന വാഹനങ്ങള്‍, അപകടം മുൻകൂട്ടി കണ്ട് പൊതുജനം ഇടപെട്ട് സര്‍വീസ് അവസാനിപ്പിച്ച റോഡുകൾ. ഇതിനെല്ലാമൊടുവിൽ കേബിളിൽ കുരുങ്ങിയ അപകടങ്ങളും സംസ്ഥാനത്ത് കൂടി വരുകയാണ്.
ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന അമ്മയുടെയും മകന്റെയും കഴുത്തിൽ കേബിളിൽ കുരുങ്ങി പരുക്കേറ്റ വിവരം ഏവരെയും ഞെട്ടിച്ചിരുന്നു. കേബിൾ വലിഞ്ഞ് സ്ട്രീറ്റ്‌ലൈറ്റ് തകർന്നു താഴെ വീണു, ബൈക്ക് മറിയാതിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്.
കഴിഞ്ഞ മാസം എറണാകുളം ലായം റോഡിൽ കേബിൾ കഴുത്തിൽ കുരുങ്ങി അപകടമുണ്ടായി. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന എറണാകുളം സൗത്ത് സ്വദേശിയുടെ കഴുത്തിലാണ് കേബിൾ കുരുങ്ങിയത്. റോഡിലേക്കു വീണ ദമ്പതികൾ തലനാരിഴയ്ക്കാണ് അന്നു രക്ഷപെട്ടത്.
സംഭവത്തിനു പിന്നാലെ കേബിൾ വിഷയത്തിൽ ഹൈക്കോടതി ഉൾപ്പടെ ഇടപെടുകയും കേബിളുകൾ നീക്കുന്നതിന് നടപടി സ്വീകരിക്കണമെന്നു നിർദേശിക്കുകയും ചെയ്തിരുന്നു. തദ്ദേശ സ്ഥാപനങ്ങൾ ഈ സമയം രംഗത്തിറങ്ങി നടപടികൾ സ്വീകരിച്ചെങ്കിലും പൂർത്തിയാക്കിയിരുന്നില്ല. അതുകൊണ്ടാണ് താഴ്ന്നു കിടക്കുന്ന കേബിളുകൾ കഴുത്തിൽ കുരുങ്ങിയുള്ള അകടം ആവർത്തിക്കുന്നത്.
അശ്രദ്ധമായി കിടക്കുന്ന കേബിൾ വയറുകൾ മൂലമുള്ള അപകടങ്ങൾ സംസ്ഥാനത്ത് തുടർകഥയാവുകയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് കായംകുളത്ത് കേബിളിൽ കുടുങ്ങി സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ച സംഭവം.
കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്. ഭർത്താവ് വിജയൻ ഓടിച്ച സ്കൂട്ടർ റോഡിനു കുറുകെ കിടന്ന കേബിൾ വയറിൽ കുരുങ്ങി സ്കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു. പിന്നിൽ യാത്ര ചെയ്തിരുന്ന ഉഷ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. രാത്രി 10.20നായിരുന്നു അപകടം.
എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂർ ഉള്ള മരുമകളുടെ വീട്ടിൽ എത്തിയ ശേഷം ഉഷയും ഭർത്താവ് വിജയനും തിരുച്ചു സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി ഇടശ്ശേരി ജംഗ്ഷൻ കിഴക്ക് വശം വെച്ചായിരുന്നു അപകടം.
ബൈക്ക് ഓടിച്ചുവന്ന ഭർത്താവ് റോഡിന് നടുവിൽ കേബിൾ കണ്ട് തലകുനിച്ചു. പക്ഷെ പിറകിലിരുന്ന ഭാര്യയുടെ കഴുത്തിൽ കേബിൾ ചുറ്റി തലയിടിച്ച് റോഡിൽ വീഴുകയായിരുന്നു. പിറകിൽ സ്കൂട്ടറിൽ വരികയായിരുന്ന മകൻ്റെ ദേഹത്ത് മറ്റൊരു കേബിളും കുടുങ്ങി. എന്നാൽ അമ്മയുടെ അപകടം കണ്ട് വേഗത കുറച്ചതിനാൽ അപകടം ഉണ്ടായില്ല
ദാരുണാന്ത്യത്തിന് കാരണമായ അശ്രദ്ധമായി കിടന്ന കേബിൾ ലോക്കൽ ചാനലിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായി. എരുവ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കെട്ടുകാഴ്ച കടന്നു പോയപ്പോൾ പൊട്ടിവീണതാണ് കേബിൾ എന്നാണ് പൊലീസിന് ലഭിച്ച മൊഴി.
ഹെൽമെറ്റ് ധരിക്കാത്തതാണ് അപകടത്തിനു കാരണമായത് എന്ന് പറഞ്ഞു തടിതപ്പുന്ന അധികാരികളുടെ പതിവ് രീതിയും വളരെ വൈകാതെ തന്നെ സംഭവസ്ഥലത്തു നിന്നും പൊതുജനവും സാക്ഷ്യം വഹിച്ചു.