വിദ്വേഷമാണ് സാറേ ജഡ്ജി വിക്ടോറിയ ഗൗരിയുടെ മുഖമുദ്ര,ബി.ജെ.പി. മഹിള മോർച്ച നേതാവുമാണ്

ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ മുസ്ലിം - ക്രിസ്ത്യന്‍ വിരുദ്ധ ലേഖനമെഴുതിയ വിക്ടോറിയ ഗൗരിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു

വിദ്വേഷ പ്രസംഗങ്ങൾക്ക് പേരുകേട്ട വ്യക്തിയാണ് ഇന്ന് മദ്രാസ് ഹൈക്കോടതി അഡിഷനല്‍ ജഡ്ജിയായി നിയമിതയായ ലക്ഷ്മണചന്ദ്ര വിക്ടോറിയ ഗൗരി.

ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ തുടരെ വിവാദത്തിൽ അകപ്പെട്ടിരുന്ന ബി.ജെ.പി. മഹിള മോർച്ച നേതാവ് കൂടിയായ വിക്ടോറിയ ഗൗരിയെ അഡിഷനല്‍ ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശിപാർശക്കെതിരെ അഭിഭാഷകർ നൽകിയ ഹർജിയിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.

ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ മുസ്ലിം – ക്രിസ്ത്യന്‍ വിരുദ്ധ ലേഖനമെഴുതിയ വിക്ടോറിയ ഗൗരിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദേശീയ സുരക്ഷക്കും സമാധാനത്തിനും കൂടുതൽ ഭീഷണി ജിഹാദോ ക്രിസ്ത്യൻ മിഷനറിയോ?, ക്രിസ്ത്യൻ മിഷനറിമാരുടെ സാംസ്കാരിക വംശഹത്യ എന്നീ തലക്കെട്ടുകളിലാണ് വിക്ടോറിയയുടെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടത്.

ഇത്തരം ചിന്താഗതികൾ വച്ച് പുലർത്തുന്നവരുടെ നിയമനങ്ങൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് തുരങ്കം വെക്കുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം അഭിഭാഷകര്‍ സുപ്രീംകോടതി കൊളീജിയത്തിനും രാഷ്ട്രപതിക്കും കത്തയച്ചത്.

നിരന്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന ഒരാളെ ജഡ്ജിയാക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയ്ക്ക് വിഘാതമാവുമെന്നും ജഡ്ജിയാക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. വിക്ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയിലെ ചില അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ഹർജിയും ഫയല്‍ ചെയ്തിരുന്നു.

എന്നാൽ വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവെച്ച്‌ കൊണ്ടുള്ള നാടകീയ രംഗങ്ങൾക്കാണ് സുപ്രീംകോടതി സാക്ഷ്യം വഹിച്ചത്, നിയമനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിഭാഷകർ രംഗത്ത് വന്നു. യോഗ്യതയും, അർഹതയും, ധാർമികതയും ചർച്ചയായി.

വിക്ടോറിയ ഗൗരിയുടെ നിയമന ഉത്തരവിറങ്ങുകയും സത്യപ്രതിജ്ഞ നിശ്ചയിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കോടതി നടപടികൾ വേഗത്തിൽ ആക്കി കേസ് നേരത്തെ കേൾക്കാൻ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. ജസ്റ്റിസ് സഞ്ജീവ് ഖന്ന ജസ്റ്റിസ് ബി.ആർ ഗവായ് എന്നിവരുടെ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

പുതിയ ജഡ്ജി നിയമനത്തിന് മദ്രാസ് ഹൈകോടതി സുപ്രീംകോടതി കൊളീജിയത്തിന് കൈമാറിയ പട്ടികയില്‍ വിക്ടോറിയ ഗൗരിയുടെ പേരുണ്ടായിരുന്നു. പിന്നാലെ സുപ്രീംകോടതി കൊളീജിയം കേന്ദ്ര നിയമ വകുപ്പിന് വിക്ടോറിയയുടെ പേര് ശിപാര്‍ശ ചെയ്യുകയായിരുന്നു.

സാധാരണയായി കൊളീജിയം ശുപാർശയിൽ എത്തുമ്പോൾ തന്നെ ഒരു വ്യക്തിയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും കോടതിയുടെ കൊളീജിയൻ പരിഗണിക്കും, പക്ഷേ ഈ വിഷയത്തിൽ പരാതി സംബന്ധിച്ച കാര്യങ്ങൾ ശുപാർശ സമയത്ത് കോടതിക്ക് മുന്നിൽ എത്തിയിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. പരാതി സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത അടക്കം തേടിയിട്ടാണ് അർഹയായ ഒരു വ്യക്തിയുടെ പേര് പോലും സുപ്രീംകോടതി കൊളീജിയം കേന്ദ്രത്തിന്റെ പരിഗണയ്ക്ക് അയക്കുന്നത്. എന്നാൽ പരാതി സംബന്ധിച്ച വിഷയങ്ങളിൽ ഇത്തരത്തിൽ ഒരു നിലപാട് കോടതിക്ക് മുന്നിൽ എത്തിയിട്ടില്ല എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

ജനുവരി 17 നാണ് അഡീഷണൽ ജഡ്ജിമാരുടെ നിയമന ശുപാർശ കേന്ദ്രത്തിലേക്ക് എത്തുന്നത്, രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഈ വിഷയത്തിൽ ഒരു തീരുമാനം ആവുകയും ചെയ്യുന്നു, അതേസമയം ഈ വിഷയം സംബന്ധിച്ച് വളരെ നേരത്തെ ഹൈക്കോടതിയിൽ അടക്കം കൊടുത്ത പല വിഷയങ്ങളിലും അവസാനം നിമിഷം പോലും തീരുമാനമായിട്ടില്ലായിരുന്നു; മാത്രമല്ല ഇത് സംബന്ധിച്ച ഹർജി സമർപ്പിച്ച് മണിക്കൂറുകൾക്കകം നിയമന ഉത്തരവ് ഇറക്കിയ കേന്ദ്രത്തിന്റെ ദ്രുതഗതിയിലെ ഇടപെടലിനെതിരെ വിമർശങ്ങനങ്ങളും ഉയരുന്നുണ്ട്.

വിദ്വേഷ പ്രസംഗം ഭരണഘടന വിരുദ്ധമാണെന്നും അത്തരം പരാമർശങ്ങൾ നടത്തുന്ന വ്യക്തിയെ ഇന്ത്യൻ ജുഡീഷ്യറിയുടെ പ്രധാന ഭാഗത്ത് നിയോഗിക്കുമ്പോൾ ആ സ്ഥാനത്തോട് അവർക്ക് നീതിപുലർത്താൻ ആവില്ല എന്നും, ഭരണഘടന അനുസൃതമായി സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലെത്തുന്ന ജഡ്ജിയുടെ അർഹത അടക്കം പൊതുസമൂഹത്തിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം എന്നടക്കമുള്ള വസ്തുതകളാണ് അഭിഭാഷകർ ഹർജിയിൽ ഉന്നയിച്ചിരുന്നത്, എന്നാൽ ഈ വിഷയത്തിൽ അത്തരത്തിൽ ഒരു ധാർമിക പ്രശ്നം നിലനിക്കുന്ന സാഹചര്യം ഉണ്ടെകിലും, ചായ്വുള്ള വ്യക്തികൾ നേരത്തെയും അധികാര സ്ഥാനം വഹിച്ചിട്ടുണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്, ഒപ്പം 2018 ൽ വിക്ടോറിയ ഗൗരി നടത്തിയ വിദ്വേഷ പ്രസംഗം അടക്കമുള്ള കാര്യങ്ങൾ കൊളീജൻ പരിശോധിച്ചതായും കോടതി വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ അഭിഭാഷക കൂടിയായ വിക്ടോറിയ ഗൗരി ദീർഘകാലമായി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിൽ സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ്. ഈ സാഹചര്യത്തിൽ ജഡ്ജ്ഷിപ്പിലേക്ക് അവരെ ഉയർത്തുന്നത്തിൽ യോഗ്യതാപരമായ പ്രശ്നങ്ങൾ ഇല്ല എന്നും അർഹത സംബന്ധിച്ച ധാർമികത വിഷയങ്ങളിൽ ഇടപെടാനാകില്ലെന്നും സുപ്രിംകോടതിൽ വ്യക്തമാക്കി.

Exit mobile version