ഇപ്പോഴത്തെ കേരളത്തിന്റെ ട്രെൻഡ് അനുസരിച്ചു വളരെ റീച്ച് നേടിയ വിവാദ നായികയാണ് സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം. ഒന്നിന് പുറകെ ഒന്നായി കേരളത്തെ നടുക്കിയ ചിന്തയുടെ കണ്ടു പിടുത്തങ്ങളിൽ കേരളം പൊറുതി മുട്ടിയിരിക്കുമ്പോളാണ് അവരുടെ പുതിയ ലളിത ജീവിത രീതി പ്രചാരം നേടുന്നത്. രണ്ടു വർഷത്തോളമായി ചിന്ത, കൊല്ലം നഗരത്തിലെ തീരദേശ റിസോർട്ടിൽ താമസമായതാണ് പുതിയ വിവാദം. ഇതിൽ ഇപ്പോൾ എന്താണിത്ര വിവാദം എന്ന് ചോദിച്ചാൽ അതിനുള്ള മറുപടി അതിന്റെ വാടകയിൽ നമ്മുക്ക് കാണാം. സീസൺ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന 3 ബെഡ്റൂം അപ്പാർട്മെന്റിന് സാധാരണ ദിവസങ്ങളിൽ നൽകേണ്ടത് 5500 രൂപയും 18% ജി എസ്ടിയും ഉൾപ്പെടെ പ്രതിദിനം 6490 രൂപയുമാണ്. ഇതെല്ലം ചൂണ്ടി കാണിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിനു പരാതി നൽകി. മാത്രവുമല്ല, ഒന്നേമുക്കാൽ വർഷമായി 38 ലക്ഷം രൂപയാണു റിസോർട്ടിനു ചിന്ത നൽകേണ്ടത്. ഈ തുക എവിടെനിന്നു നൽകിയെന്ന് അന്വേഷിക്കണം – പരാതിയിൽ ആവശ്യപ്പെട്ടു.
ശമ്പളം കൂട്ടാൻ പറഞ്ഞത് ഞാനല്ല, എന്നെപ്പോലെ ഇരിക്കുന്ന വേറെ ആരോ
ശമ്പള കുടിശ്ശികയ്ക്കും, ഉയർന്ന ശമ്പളത്തിനുമായി സർക്കാരിന് പരാതി നലകിയത് താനല്ല എന്ന വാദമാണ് ആദ്യത്തെ വിവാദ വിഷയം. തനിക്ക് ആറക്ക ശമ്പളം ലഭിച്ചാൽ താനത് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും ചിന്ത വ്യക്തമായി പറഞ്ഞു. അതൊക്കെ സഖാക്കളുടെ പൊതു സ്വഭാവമാണെന്ന് പറയാനും അവർ വിട്ടു പോയില്ല. ഇതിനൊക്കെ പുറമെ തനിക്ക് മുമ്പിരുന്ന യുവജന കമ്മിഷൻ അധ്യക്ഷന്റെ പരാതി ആണെന്നും അവർ പറഞ്ഞിട്ടുണ്ട്. ക്രമേണ പരാതിക്ക് പിന്നിലുള്ള കരങ്ങൾ ചിന്തയുടേതാണെന്ന് കേരളം മനസിലാക്കി. പക്ഷെ ചിന്ത അപ്പോഴും മനസിലാക്കാത്ത ഒരു കാര്യം ഉണ്ടായിരുന്നു, സത്യത്തെ ഒരുപാട് കാലം മറച്ചു വയ്ക്കാൻ സാധിക്കില്ല എന്ന സത്യം.
വൈലോപ്പിള്ളിയുടെ വാഴക്കുല – കണ്ടുപിടുത്തം; ചിന്ത ജെറോം
രണ്ടാമത്തേത്, കഴിഞ്ഞ ഒരു മാസം മാധ്യമങ്ങൾ ചർച്ച ചെയ്തതായിരുന്നു. വാഴക്കുല വൈലോപ്പിള്ളിയുടേതാണെന്ന് ചിന്ത തന്റെ ഗവേഷണ പ്രബന്ധത്തിൽ വ്യക്തമായി പരാമർശിച്ചു. മാത്രവുമല്ല, ഈ പ്രബന്ധം മറ്റൊരു പ്രബന്ധത്തിന്റെ ഈച്ച കോപ്പി ആണെന്ന് ഉന്നയിച്ചും ചിലർ മുന്നോട്ട് വന്നു. പക്ഷെ ചിന്ത ഇത്തവണ ബുദ്ധിപൂർവമാണ് അതിനെ നേരിട്ടത്. തെറ്റ് ചൂണ്ടി കാണിച്ച വിമർശകരെ അഭിനന്ദിച്ചു കൊണ്ടും നന്ദി പറഞ്ഞു കൊണ്ടും ക്ഷമ ചോദിച്ചു കൊണ്ടും തടി തപ്പി. ഇതിന്റെ ഇടയിൽ കൂടെ മറ്റൊരു വിവാദം കൂടി ആയപ്പോൾ അതിനും അവർ വിശദീകരണം നൽകി. അമ്മയുടെ ആയുർവേദ ചികിത്സയ്ക്ക് വേണ്ടിയാണ് റിസോർട്ടിൽ റൂം എടുത്തത് എന്നാണ് ഇപ്പോഴത്തെ ന്യായം.