ഒരു കുറ്റാന്വേഷണ രൂപേണ പുരോഗമിക്കുന്ന സിനിമയാണ് രോഹിത് കൃഷ്ണൻ്റെ സംവിധാനത്തിൽ ഫെബ്രുവരി 3 ന് പുറത്തിറങ്ങിയ ‘ഇരട്ട’. സിനിമയുടെ അന്തഃസത്ത പൂർണമായും പ്രതിഫലിപ്പിക്കുന്ന തലക്കെട്ട് നല്കാൻ സംവിധായകൻ നന്നേ പണിപ്പെട്ടിരുന്നു എന്ന് അദ്ദേഹം തന്നെ പറയുന്നു. ഇരട്ടയുടെ ആദ്യ പകുതി ഒരു ത്രില്ലർ സ്വഭാവത്തിലൂടെയാണ് അവസാനിക്കുന്നത്. ഇരട്ട സഹോദരന്മാരിൽ ഒരാളായ പോലീസുകാരൻ മരണപ്പെടുന്നത് മുതലാണ് സിനിമ ആരംഭിക്കുന്നത്. പ്രമോദ്, വിനോദ് എന്ന ഇരട്ട സഹോദരന്മാരായ പോലീസുകാരായിട്ടാണ് ജോജു ജോർജ് എന്ന പ്രഗൽഭനായ നടൻ സിനിമയിലാകമാനം അഭിനയിക്കുന്നത്. വിനോദിൻ്റെ കൊലപാതകം ചെയ്തത് ആരാണെന്ന ജിജ്ഞാസയാണ് സിനിമയുടെ ആദ്യ പകുതി പ്രേക്ഷകന് നൽകുന്നത്.
സിനിമ തുടങ്ങി അഞ്ചാം മിനിറ്റിൽത്തന്നെ പ്രേക്ഷകരിൽ ഞെട്ടൽ ഉളവാക്കിക്കൊണ്ടാണ് സിനിമയുടെ യാത്ര. വാഗമൺ പോലീസ് സ്റ്റേഷനിൽ നടന്ന ഒരു പോലീസ്‌കാരന്റെ മരണത്തെ തുടർന്നാണ് അന്വേഷണം ഉണ്ടാകുന്നത്. കുട്ടിക്കാലം ഏൽപ്പിച്ച തിക്താനുഭവങ്ങളിൽ നിന്നും വ്യക്തിത്വത്തിന് ക്ഷതം സംഭവിച്ച മനുഷ്യനാണ് വിനോദ്. ജോലി ചെയ്യുന്ന പോലീസ് സ്റ്റേഷനിൽ തന്നെ സ്വഭാവ ദൂഷ്യങ്ങൾ കൊണ്ട് ഒരുപാട് ശത്രുക്കളെ സംബാധിച്ചെടുക്കാൻ വിനോദിന്റെ കഥാപാത്രത്തിന് ആകുന്നുണ്ട്. അതിൽ എതിർക്കുന്ന പ്രമോദിനെ അംഗീകരിക്കാനും വിനോദ് തയാറാകുന്നില്ല. എങ്കിലും മനസിന്റെ ഒരു കോണിൽ അവശേഷിക്കുന്ന ഒരു തരി നന്മ അയാൾ കുഞ്ഞുങ്ങളോട് നൽകുന്ന കരുതലായി പ്രകടിപ്പിക്കുന്നുമുണ്ട്. അഭിനയം കൊണ്ട് 2 കഥാപാത്രങ്ങളെയും മനോഹരമാക്കാൻ ജോജുവിന് സാധിക്കുന്നുണ്ട്. ജോജുവിനോടൊപ്പം മത്സരിച്ച് അഭിനയിക്കാൻ സഹകഥാപാത്രങ്ങൾക്കും സാധിച്ചിട്ടുണ്ടെന്നുള്ളത് മറ്റൊരു സത്യമാണ്. അഞ്ജലി, സാബു മോൻ, ശ്രീകാന്ത് മുരളി, മനോജ് കെ.യു, ശ്രിന്ദ, ഷെബിൻ ബെൻസൺ, ആര്യ സലീം, ശ്രീജ, ശ്രുതി ജയൻ തുടങ്ങി ഒരുപാട് നടിനടന്മാരുടെ അഭിനയ വൈഭവം നമ്മുക്കി സിനിമയിൽ അങ്ങോളം ഇങ്ങോളം കാണാം. തിരക്കഥയുടെ ഒഴുക്കിൽ കൃത്യമായി സംഭവങ്ങൾ പ്ലേസ് ചെയ്ത്, ലാഗ് അനുഭവപ്പെടാത്ത രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കുന്നുണ്ട്.
മലയാള സിനിമയിൽ ഇന്നുവരെ കണ്ടിട്ടില്ലാത്തൊരു ഇരട്ട ക്ലൈമാക്സ്, മാത്രമല്ല ഈ ‘ഇരട്ട ക്ലൈമാക്സ്’ കാണുന്നവരുടെ ഉള്ളുലയ്ക്കുമെന്നതും തീർച്ച.
കൊലപാതകി ആരെന്നുള്ള പ്രേക്ഷകരിലെ സംശയം അവസാന നിമിഷം വരെ നിലനിർത്തിക്കൊണ്ടുപോകുവാനും തിരക്കഥയ്ക്കു കഴിഞ്ഞു. അസാധാരണവും കണ്ടിരിക്കുന്നവര്‍ക്ക് ഊഹിക്കാൻ പറ്റാത്തൊരു ക്ലൈമാക്സുമാണ് ഇരട്ടയെ വേറിട്ടതാക്കുന്നത്. മലയാള സിനിമയിൽ ഇന്നുവരെ കണ്ടിട്ടില്ലാത്തൊരു ഇരട്ട ക്ലൈമാക്സ്, മാത്രമല്ല ഈ ‘ഇരട്ട ക്ലൈമാക്സ്’ കാണുന്നവരുടെ ഉള്ളുലയ്ക്കുമെന്നതും തീർച്ച.
ഇരട്ടയായുള്ള ജോജു ജോർജിന്റെ ഒറ്റയാൾ പ്രകടനം തന്നെയാണ് ഇരട്ടയുടെ കരുത്ത്. ഇതിന് മുൻപ് പല തവണ അദ്ദേഹത്തെ പൊലീസ് വേഷത്തിൽ കണ്ടിട്ടുണ്ടെങ്കിലും ആ കഥാപാത്രങ്ങളെയൊന്നും ഇരട്ടയിൽ കാണാനാകില്ല. വിനോദും പ്രമോദും സ്വഭാവത്തിലും ജീവിത ശൈലിയിലും രണ്ടറ്റത്ത് നിൽക്കുന്നവരാണ്. പ്രകടനത്തിൽ മാത്രമല്ല ഡയലോഗ് ഡെലിവറിയിൽ പോലും രണ്ട് വേഷങ്ങളിലും വ്യത്യസ്തത കൊണ്ട് വരാൻ ജോജുവിന് സാധിച്ചിട്ടുണ്ട്. വെപ്പുപല്ല് വച്ചാണ് പ്രമോദ് ആയി ജോജു ജീവിച്ചത്. കഥാപാത്രങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള അഭിനയമാണ് ജോജുവിന്റേത്. ശാന്തതയും സഹാനുഭൂതിയും നിസ്സഹായതയും നിഗൂഢതയും ഒരേപോലെ പ്രകടിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
ഈ സിനിമയിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ് സംവിധായകനും സ്ക്രിപ്റ്റ് റൈറ്ററുമായ രോഹിത് കൃഷ്ണൻ്റെ ദീർഘ വീക്ഷണം. ഒളിച്ചു വയ്‌ക്കേണ്ട സംഭവങ്ങളെ അങ്ങനെ തന്നെ കഥയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതിലും ഉപരി തനിക്ക് വഴങ്ങാത്ത സ്ക്രിപ്റ്റ്റൈറ്റിങ് ഒറ്റയ്ക്ക് പഠിച്ച് തീരെ മുഷിപ്പിക്കാതെ തരത്തിൽ അവതരിപ്പിക്കാൻ അദ്ദേഹം നന്നായി ശ്രെമിച്ചിട്ടുണ്ട്. ഈ ഉദ്യമം സത്യത്തിൽ വാഴ്ത്തപ്പെടേണ്ട ഒന്നാണ്. അദ്ദേഹത്തിന്റെ അഭിമുഖങ്ങളിൽ സ്ക്രിപ്റ്റിന് സഹായകമായ മീഡിയത്തെ കുറിച്ച് അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്. യൂ ട്യൂബ് ചാനലുകളിൽ നിന്ന് സ്ക്രിപ്റ്റ് വറൈറ്റിങ്ങിനെ കുറിച്ച പഠിച്ചെടുത്ത സംവിധായകൻ 2017 മുതൽ ഈ സിനിമയ്ക്കായുള്ള ശ്രമം തുടങ്ങിയിരുന്നു. ചുരുങ്ങിയ ബജറ്റിൽ വിജയം കണ്ട പ്രഗല്ഭമായ സിനിമകൾക്കെല്ലാം അസാധ്യമായൊരു അന്വേഷണ സ്വഭാവം ഉണ്ടായിരുന്നു എന്നദ്ദേഹം തന്റെ പഠനങ്ങളിലൂടെ കണ്ടെത്തി. അത് കാതലാക്കി ഉണ്ടാക്കിയ ഈ ചിത്രവും ചെറിയ ബജറ്റിൽ, വളരെ കുറച്ചു സമയത്തിനുള്ളിൽ, ഏറ്റവും നല്ലൊരു അനുഭവം കാഴ്ചവയ്ക്കാൻ കഴിവുള്ളതാണ്.
Discussion about this post