ഒന്ന് പറഞ്ഞു രണ്ടിന് അടിയുണ്ടാക്കുന്ന ഒരുകൂട്ടം കലിപ്പൻമ്മാരുടെ കഥകളാണ് ഒറ്റവാക്കി വെടിക്കെട്ട്. ഗൗരവമർഹിക്കുന്ന ഒരു വിഷയത്തെ സിനിമയിൽ എവിടെയും തൊടീക്കാതെ വളരെ വ്യത്യസ്തമായ രീതിയിൽ ക്ലൈമാക്സിൽ എത്തിക്കാൻ സംവിധായകർക്ക് സാധിച്ചിട്ടുണ്ട്
ജാതിയുടെയും നിറത്തിന്റെയും പ്രണയത്തിന്റെയും പേരിൽ രണ്ടു ചേരികളിലായി കഴിയുന്ന മഞ്ഞപ്ര, കറുങ്കോട്ട എന്നീ ഗ്രാമങ്ങളെ പശ്ചാത്തലമാക്കിയാണ് വെടിക്കെട്ടിന്റെ കഥ മുന്നോട്ട് പോകുന്നത്
ജിത്തുവിന് ഷിമിലി എന്ന പെൺകുട്ടിയോട് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് വെടിക്കെട്ട്. ആക്ഷനും കോമഡിയും നിറച്ച ആദ്യപകുതിയും ഇമോഷണൻസ് നിറഞ്ഞു നിൽക്കുന്ന രണ്ടാം പകുതിയുമാണ് സിനിമയുടെ ആകെത്തുക. ഒപ്പം പ്രണയം, പ്രതികാരം, സൗഹൃദം, തമാശ തുടങ്ങി ചലച്ചിത്ര ആസ്വാദനത്തിന്റെ എല്ലാ എലെമെന്റ്സും ചിത്രത്തിലുണ്ട്.
നാട്ടിൻപുറത്ത് സർവസാധാരണമായി കാണുന്ന എല്ലാത്തിനെയും വളരെ സ്വാഭാവികമായി ഒപ്പിയെടുക്കാൻ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജിനും സാധിച്ചിട്ടുണ്ട്
ജാതി വിവേചനം എവിടെ എങ്ങനെ സംഭവിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് തന്നെയാണ് ഒരു ഘട്ടം വരെ സിനിമ കടന്നു പോകുന്നത്. പൊളിറ്റിക്കലി കറക്റ്റ് ആവാനുള്ള ബോധപൂർവമുള്ള ശ്രമം ചിത്രത്തിൽ എവിടെയും അനുഭവപ്പെടുന്നില്ല എങ്കിലും ജൻഡർ ബോധ്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പലഭാഗത്തും കൈമോശം വന്നിട്ടുണ്ട്. ജാതി വിവേചനം എവിടെ എങ്ങനെ സംഭവിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് തന്നെയാണ് ഒരു ഘട്ടം വരെ സിനിമ കടന്നു പോകുന്നത്.
കെ.എസ്.ഈ.ബി. ലൈൻമാൻ കല്യാണത്തലേന്ന് ഒരു കുഗ്രാമത്തിൽ കറന്റ് നന്നാക്കാനെത്തുന്നു, അയാളുടെ മുഖത്ത് പ്രകടമായ വിമുഖത, പോസ്റ്റിൽ നിന്നിറങ്ങിയ അയാൾ അറപ്പോടെ ചായ നിഷേധിക്കുന്നു, കൂടെ വന്ന ജൂനിയർ ലൈൻമാനോട് ഇവിടുന്നു ചായ കുടിക്കുന്നത് മോശമാണെന്ന് അടക്കം പറയുന്നു, സീനിയർ ലൈൻമാന്റെ മുഖത്തുനോക്കി വളരെ സ്വാഭാവികമായി എനിക്ക് ചായ വേണം എന്ന് പറയുന്ന ജൂനിയർ ലൈൻമാൻ. വെടിക്കെട്ടിലെ ഈ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് വളരെ സ്വാഭാവികമായി ഒട്ടും ബലം പിടിക്കാതെയാണ് കടന്നു പോകുന്നത്. കറുപ്പും വെളുപ്പും മനുഷ്യരുമൊക്കെ ഒന്നാണ് എന്ന് ചിത്രം പറഞ്ഞു വയ്ക്കുന്നു