മലപ്പുറം: മലപ്പുറം ജില്ലയിൽ നോറോ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. പെരിന്തൽമണ്ണയിലെ സ്വകാര്യ പാരാമെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്.
ഹോസ്റ്റലിലെ വിദ്യാർത്ഥികൾ കഴിഞ്ഞയാഴ്ച ഛർദ്ദി, വയറിളക്കം, ക്ഷീണം എന്നിവയെക്കുറിച്ച് ആവർത്തിച്ച് പരാതിപ്പെടുകയും ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. തുടർന്ന് ശനിയാഴ്ച ആരോഗ്യവകുപ്പ് ഹോസ്റ്റലിലെത്തി മെഡിക്കൽ ക്യാമ്പ് നടത്തി.
രോഗലക്ഷണങ്ങൾ കാണിച്ച കുട്ടികളുടെ രക്ത, മല സാമ്പിളുകൾ പരിശോധനയ്ക്കായി സംസ്ഥാന പബ്ലിക് ഹെൽത്ത് ലാബിലേക്ക് അയച്ചു. കുട്ടികളിൽ ഒരാൾക്ക് വ്യാഴാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വൈറസിന്‍റെ ആദ്യ ഘട്ടത്തിനു ശേഷം വീട്ടിലേക്ക് പോകാനും വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു. വ്യക്തി ശുചിത്വം ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശം നൽകി.
കൂടുതൽ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ശനിയാഴ്ച 10 കുട്ടികളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം അറിയുന്നതുവരെ കുട്ടികളെ ഹോസ്റ്റലിൽ തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
https://youtu.be/X16PnnR6l5s
മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും, രോഗബാധിതനായ വ്യക്തിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും ശരീരത്തിൽ എത്തി ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കുന്ന അണുക്കളാണ് നോറോ വൈറസ്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം, വയറുവേദന എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു.
ആരോഗ്യമുള്ളവരെ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ഇത് ബാധിച്ചാല്‍ രോഗാവസ്ഥ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
നോറോവൈറസിന്റെ ലക്ഷണങ്ങൾ സാധാരണയായി എക്സ്പോഷർ കഴിഞ്ഞ് 12 മുതൽ 48 മണിക്കൂർ വരെ പ്രത്യക്ഷപ്പെടുകയും ഒന്ന് മുതൽ മൂന്ന് ദിവസം വരെ നീണ്ടുനിൽക്കുകയും ചെയ്യും. രോഗം സാധാരണയായി ഗുരുതരമല്ലെങ്കിലും, ഇത് വലിയ തോതിൽ നിർജ്ജലീകരണത്തിന് കാരണമാകും
നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ നോറോവൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ, രോഗലക്ഷണങ്ങൾ കുറഞ്ഞതിന് ശേഷം കുറഞ്ഞത് 48 മണിക്കൂറെങ്കിലും വീട്ടിൽ തന്നെ തുടരുകയും മറ്റുള്ളവരുമായി അടുത്ത ബന്ധം പരിമിതപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.
നിർജ്ജലീകരണം തടയാൻ ധാരാളം ദ്രാവകങ്ങൾ കുടിക്കുന്നതും ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ ഐബുപ്രോഫെൻ പോലുള്ള മരുന്നുകൾ കഴിക്കുന്നതും നോറോവൈറസിനുള്ള ചികിത്സയിൽ ഉൾപ്പെടുന്നു. മിക്ക കേസുകളിലും, കുറച്ച് ദിവസങ്ങൾക്കുള്ളിൽ വൈറസ് സ്വയം മായ്‌ക്കും. എന്നിരുന്നാലും, ലക്ഷണങ്ങൾ കഠിനമോ സ്ഥിരമോ ആണെങ്കിൽ, വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്.
നോറോവൈറസ് പടരുന്നത് തടയാൻ, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുകയും വൈറസുമായി സമ്പർക്കം പുലർത്തുന്ന ഉപരിതലങ്ങൾ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
- പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
- ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
- മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
- കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
- ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
- പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
- പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
- രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഭക്ഷണം പാചകം ചെയ്യുന്നതും പങ്ക് വെക്കുന്നതും ഒഴിവാക്കേണ്ടതാണ്.
- കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.
Discussion about this post