അങ്ങ് ടാന്‍സാനിയയില്‍ നിന്നുള്ള രണ്ട് സഹോദരങ്ങളാണ് ഇപ്പോൾ തെന്നിന്ത്യയിലെയും ബോളിവുഡിലെയും പ്രധാന താരങ്ങൾ. പരമ്പരാഗത വേഷങ്ങൾ അണിഞ്ഞ് ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങൾക്ക് ചുണ്ടുകളനക്കി ചുവടുവയ്ക്കുന്ന ടാന്‍സാനിയൻ സഹോദരങ്ങൾ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്.
ഇൻസ്റ്റാഗ്രാമിൽ 4 .7 മില്യൺ ഫോളോവേഴ്സുള്ള ജനപ്രിയ താരമാണ് കിലി പോൾ. കിലിയും, അദ്ദേഹത്തിന്റെ സഹോദരി നീമ പോളുമാണ് ഈ വൈറൽ വീഡിയോകൾക്ക് പുറകില്‍. ബോളിവുഡിലെയും തെന്നിന്ത്യയിലെയും നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ വീഡിയോ ചെയ്താണ് ഇവർ നവമാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഗാനത്തിന്റെ മുഴുവന്‍ ഭാവവും ഉള്‍ക്കൊണ്ട് വളരെ തന്മയത്വത്തോടെയുള്ള ഇവരുടെ ലിപ് സിങ്ക് തന്നെയാണ് കൂടുതൽ ആളുകളേയും ആകർഷിച്ചത് .
ബോളിവുഡ് ഗാനങ്ങളും പ്രശസ്തമായ ഡയലോഗുകളും ഇവർ വീഡിയോയാക്കിയിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ വന്‍ സ്വീകരണമാണ് ഇവരുടെ വീഡിയോകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധിപേരാണ് ഇവരുടെ വീഡിയോസ് പങ്കുവെക്കുന്നത്. പരമ്പരാഗത മസായി വേഷത്തിലെത്തുന്ന സഹോദരങ്ങൾ തികച്ചും സാധാരണ രീതിയിലാണ് എല്ലാ വീഡിയോകളും ചെയ്യാറുള്ളത്.
ഭാവാത്മകതയോടെ അനായാസമായി ഹിന്ദിഗാനങ്ങൾ അനുകരിക്കുന്ന ഇവർക്ക് വേണ്ടി ആരാധകർ ഫാൻസ് പേജുകളും ആരംഭിച്ചു കഴിഞ്ഞു. നർത്തകനും, കണ്ടന്റ് ക്രിയേറ്ററുമാണ് കിലി പോൾ. ഒരുപാട് ഹിന്ദി സിനിമകൾ കണ്ടാണ് താൻ വളർന്നതെന്ന് കിലി പറയുന്നു. സൽമാൻ ഖാനാണ് കിലിയുടെ ഇഷ്ടതാരം. ഹൃത്വിക് റോഷനെയും, മാധുരി ദീക്ഷിതിനെയുമാണ് സഹോദരി നീമയ്ക്ക് ഇഷ്ടം. ഇന്ത്യയിൽ നിന്നുള്ള ആരാധകരെ ഒരിക്കലും നിരശപ്പെടുത്താനാകില്ല. എനിക്ക് ഇന്ത്യയിൽ നിന്നാണ് സ്നേഹവും വിശ്വാസവും ലഭിക്കുന്നത് എന്നും ഇനിയും കൂടുതൽ വീഡിയോകൾ ചെയ്യുമെന്നും കിലി പറയുന്നു
സിനിമാ ഗാനങ്ങളിലൂടെ ഭാരതീയരുടെ ഹൃദയം കീഴടക്കി കിലി – നീമ സഹോദരങ്ങളെ പ്രധാന മന്ത്രി നരേന്ദ്ര മോഡി ‘മൻ കീ ബാത്ത്’ പരിപാടിയിലൂടെ അഭിനന്ദിച്ചിരുന്നു, ഇരുവരെയും ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആദരിച്ചത് അടുത്തിടെയാണ്.
Discussion about this post