ഭാഷയുടെ അതിര് വരമ്പുകൾ ഭേദിച്ച് മലയാളികൾക്ക് എന്നും മധുരിക്കുന്ന ഓർമകകൾ സമ്മാനിച്ച ഗായികയാണ് വാണി ജയറാം. മലയാളത്തിന്റെ സ്നേഹാദരങ്ങൾ ആവോളം ഏറ്റുവാങ്ങിയ ഗായിക കാലത്തിന്റെ യവനികയ്ക്കുള്ളില്‍ മറയുമ്പോൾ അവർ ബാക്കി വയ്ക്കുന്നത് ഒട്ടനവധി മനോഹര ഗാനങ്ങളാണ്.
1945 നവംബർ 30ന് തമിഴ്നാട്ടിലെ വെല്ലൂരിലാണ് വാണി ജയറാമിന്റെ ജനനം. സംഗീതജ്ഞയായ അമ്മയിൽ നിന്നു തന്നെ സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ സ്വായത്തമാക്കി. അഞ്ചാം വയസിൽ ഗുരുവായ അയ്യങ്കാർ പറഞ്ഞു കൊടുത്ത ദീക്ഷിതർ കൃതികൾ പെട്ടെന്നു പഠിച്ചെടുത്തു കൊണ്ട് അദ്‌ഭുതപ്പെടുത്തിയ ഗായിക, എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി.
വിവാഹ ശേഷം മുംബൈയിൽ താമസമാക്കിയതോടെയാണു സിനിമാ സംഗീതത്തിന്റെ വഴിയിലേക്കു വന്നത്. 1971 ൽ പുറത്തിറങ്ങിയ ഗുഡി എന്ന ചിത്രത്തിലൂടെ മുൻനിര സംഗീത സംവിധായകൻ വസന്ത് ദേശായിയാണ് വാണിയെ കലാരംഗത്തിനു പരിചയപ്പെടുത്തിയത്. പിന്നീട് ആ ശബ്ദം നൗഷാദ്, മദൻ മോഹൻ, ആർ.ഡി.ബർമൻ, ഒ.പി.നയ്യാർ, ലക്ഷ്‌മികാന്ത് പ്യാരേലാൽ, കല്യാൺജി ആനന്ദ്‌ജി, ജയദേവ് തുടങ്ങിയ സംഗീത പ്രതിഭകളുടെ ഗാനങ്ങൾക്ക് മാധുര്യം പകർന്നു
ചെന്നൈയിലേക്കു താമസം മാറ്റിയതോടെയാണ് വാണി ബോളിവുഡിൽ നിന്ന് അകന്നത്, അധികം വൈകാതെ സലീൽ ചൗധരി വാണി ജയറാമിനെ മലയാളികൾക്കു മുന്നിലും എത്തിച്ചു. ഭൂമിയെക്കുറിച്ചു മനോഹരമായ സ്വപ്നം വരച്ചിട്ട് ഒഎൻവി കുറിച്ച ‘സൗരയുഥത്തിൽ വിരിഞ്ഞോരു’ എന്നു തുടങ്ങുന്ന പാട്ടിലൂടെ വാണി ജയറാം മലയാളികളുടെ പ്രിയപ്പെട്ട ‘വാണിയമ്മ’യായി. പ്രവാഹത്തിലെ ‘മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു’, പിക്‌നിക്കിലെ ‘വാൽക്കണ്ണെഴുതി വനപുഷ്‌പം ചൂടി’, തിരുവോണത്തിലെ ‘തിരുവോണപ്പുലരി തൻ തിരുമുൽകാഴ്‌ച കാണാൻ’, സിന്ധുവിലെ ‘തേടി തേടി ഞാനലഞ്ഞു’ ‘ഏതോ ജന്മകല്പനയിൽ ഏതോ ജന്മവീഥികളിൽ’ അങ്ങനെ എത്രയെത്ര പാട്ടുകൾ വാണിയമ്മ നമുക്കായി പാടിത്തന്നു.
ആശീർവാദത്തിൽ അർജുനൻ മാഷിനു വേണ്ടി ഭരണിക്കാവ് ശിവകുമാർ എഴുതിയ ‘സീമന്ത രേഖയിൽ…’ എന്ന ഗാനം എക്കാലത്തെയും മികച്ച മലയാള ഗാനങ്ങളിൽ ഒന്നാണ്. എം.എസ്. വിശ്വനാഥന്റെ ‘പത്മതീർഥക്കരയിൽ’, ‘പുലരിയോടെ സന്ധ്യയോടോ’, ആർ. കെ.ശേഖറിന്റെ ‘ആഷാഢ മാസം ആത്മാവിൽ മോഹം’, എം.ജി. രാധാകൃഷ്‌ണന്റെ ‘ഓർമകൾ ഓർമകൾ’…. തച്ചോളി അമ്പു എന്ന സിനിമയിൽ രാഘവൻ മാഷിന്റെ ‘നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിലെ’ മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന സിനിമയ്‌ക്കു വേണ്ടി ഇടവ ബഷീറിനൊപ്പം പാടിയ ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ എന്ന ഗാനവും, ജോയിയുടെ ‘മറഞ്ഞിരുന്നാലും..’ വാണി ജയറാമിന്റെ മറ്റൊരു പ്രശസ്‌ത ഗാനമാണ്. സർപ്പത്തിനു വേണ്ടി ഖവ്വാലി മാതൃകയിൽ ജോയി ഈണമിട്ട ‘സ്വർണ മീനിന്റെ ചേലൊത്തെ കണ്ണാളെ..’ എന്ന ഗാനത്തിൽ യേശുദാസിനും എസ്. പി. ബാലസുബ്രഹ്‌മണ്യത്തിനുമൊപ്പം വാണിയും ചേർന്നു.
നീണ്ട കാലത്തേ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഗോപിസുന്ദര്‍ സംഗീതം നല്‍കിയ 1983 എന്ന ചിത്രത്തിലെ ‘ഓലഞ്ഞാലി കുരുവി’ പുലിമുരുകനിലെ ‘ മാനത്തെ മാരിക്കുറുമ്പെ’ തുടങ്ങിയ ഗാനങ്ങളിലൂടെ പുതുതലമുറയിലെ സംഗീതാസ്വാദകര്‍ക്കും വാണി ജയറാം പ്രിയങ്കരിയായി മാറി. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നുതവണ വാണി ജയറാമിനെ തേടിയെത്തി. കഴിഞ്ഞയാഴ്ചയാണ് പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചത്.
Discussion about this post