തോക്കിനെ ഭയക്കാത്തെ കലാകാരി നിലമ്പൂർ ആയിഷയെ അറിയാത്തവരില്ല. മലപ്പുറത്തിനപ്പുറം ലോകം മുഴുവൻ അറിയുന്ന കലാകാരി. കലയെ പ്രണയിച്ചതിന്റെ പേരിൽ അവർ ചവിട്ടാത്ത കനലുകളില്ല. ചുവന്നകൊടിയുമേന്തി സമുദായത്തോടും ജീവിതത്തോടും പോരാടിയ വിപ്ളവകാരിയായ ആയിഷയുടെ കടലിനക്കരെയുള്ള ജീവിതത്തിലെ ഏടുകളാണ് സ്ക്രീനിലെത്തിയിരിക്കുന്നത്.
ആമിർ പള്ളിക്കൽ നവാഗത സംവിധായകന്റെ മിടുക്കിൽ വിരിഞ്ഞ ആയിഷ രണ്ടു സ്ത്രീകളുടെ ഹൃദയബന്ധത്തിന്റെ കഥയാണ്.
ഇനിയുള്ള എന്റെ ജീവിതം നിനക്കൊപ്പമാണെന്ന തോന്നലുണ്ടാകുന്നുവെന്ന് ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് പറയുന്നു. പക്ഷേ, അത് എന്തിനെന്നോ,എന്തുകൊണ്ടെന്നോ, എങ്ങനെയെന്നോ അവർക്കറിയില്ല. പക്ഷേ, ഭാഷയുടെ സഹായമില്ലാതെ അവർ സംസാരിച്ച് തുടങ്ങിയപ്പോൾ വികാരങ്ങൾ ഒരുമനസായി. നാലുകണ്ണുകളിൽ ഒരേസമയം കണ്ണീരും സന്തോഷവും ഉല്ലാസവും മൊട്ടിട്ടു. പിന്നീടങ്ങോട്ട് പ്രണയത്തോളം പരിശുദ്ധമായ വികാരോഷ്മളതയോടെ അവർ ഒന്നിച്ച് ജീവിക്കുകയാണ്. സ്നേഹവും കരുതലും പങ്കിടുകയാണ്.
സാധാരണ അറബ് രാജ്യങ്ങളിൽ എത്തി ഒരുപാട് ക്ലേശതകൾ അനുഭവിക്കുന്ന ഗദ്ദാമകൾ നിന്നും വ്യത്യസ്തമായി നിലമ്പൂർ ആയിഷയും സൌദി പാലസിലെ മമ്മയും അവരുടെ സൌഹൃദം ആഘോഷിക്കുകയാണ്. ആയിഷയായി മഞ്ജു വാര്യർ നിറഞ്ഞാടുമ്പോൾ, തിയേറ്റർ ആർട്ടിസ്റ്റായ മോണ, മമ്മയായി ഹൃദയത്തെ ആർദ്രമാക്കുന്നു. ഒട്ടും ബോറടിപ്പിക്കാത്ത വിഷ്വലി റിച്ച ആയ ഒരു സിനിമയാണ് ആയിഷ.
തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള ഒരു സ്ത്രീപക്ഷ സിനിമ എന്ന് അടയാളപ്പെടുത്താം.
എടുത്തുപറയേണ്ട മറ്റൊരു ഹൈലൈറ്റ് ആണ് പ്രഭുദേവ-മഞ്ജുവാര്യർ കോമ്പിനേഷൻ. പ്രഭുദേവ എന്ന കോറിയോഗ്രാഫറെ അതെ പടി സ്‌ക്രീനിൽ expessions ഉൾപ്പടെ പ്രതിഫലിപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മഞ്ജു നൃത്തമാടുമ്പോൾ ചിലനിമിഷങ്ങളിൽ പ്രഭുദേവ സ്ക്രീനിലെത്തിയത് പോലെ തോന്നും. 1950-60 കാലഘട്ടങ്ങൾ സിനിമയിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. മലപ്പുറത്തെയും ഗൾഫിലെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കെട്ടുറപ്പും സഖാക്കളുടെ വികാരവുമെല്ലാം സിനിമയിൽ പ്രതിഫലിക്കുന്നു. അവിടവിടെ ചില പ്രശ്നങ്ങളുണ്ടെങ്കിലും നിലമ്പൂർ ആയിഷയുടെ പ്രവാസജീവിതത്തെ ഭാവനയുടെ അകമ്പടിയിൽ മനോഹരമായി നമുക്കു മുന്നിലെത്തിക്കാൻ ആയിഷ സിനിമയ്ക്കായി. സിനിമകണ്ടിറങ്ങുമ്പോൾ ജീവിതം വിപ്ളവമാക്കിയ നടിയോടുള്ള ആദരവ് മനസിൽ തുളുമ്പും. മനുഷ്യരോടുള്ള സ്നേഹവും. അതാണ് ചിത്രത്തിൻ്റെ നിറവും.